ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 നവം‌ബര്‍ 2024 (14:11 IST)
ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞു ജനിച്ച സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിന്റെ അമ്മയുടെ പരാതിയിന്മേലാണ് കേസെടുത്തത്.
ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷെര്‍ലി, ഡോ. പുഷ്പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണുകളും ചെവികളും ശരിയായല്ല വിന്യസിച്ചിരിക്കുന്നത്, കുഞ്ഞിന് വായ നേരെ തുറക്കാന്‍ സാധിക്കില്ല, കിടത്തുമ്പോള്‍ നാവ് ഉള്ളിലേക്ക് പോകും, കൈകാലുകളില്‍ വൈകല്യം എന്നിവയുള്‍പ്പെടെ നിരവധി വൈകല്യങ്ങളുമായാണ് കുഞ്ഞ് ജനിച്ചത്.

ഒന്നിലധികം സ്‌കാനിംഗുകള്‍ നടത്തിയിട്ടും ഈ വിവരങ്ങള്‍ ജനനത്തിന് മുന്‍പ് തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. തുടര്‍ന്ന് കഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോടും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം താന്‍ ആദ്യത്തെ രണ്ട് മാസം മാത്രമാണ് ഈ കുഞ്ഞിന്റെ അമ്മയെ ചികിത്സിച്ചതെന്നും ആ സമയത്ത് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പുഷ്പ അവകാശപ്പെടുന്നു. അഞ്ചാം മാസത്തില്‍ മാത്രമേ ഇത്തരം വൈകല്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ആ സമയത്ത് കുഞ്ഞിന്റെ അമ്മയെ താനല്ല ചികിത്സിച്ചതെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :