രേണുക വേണു|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2024 (08:17 IST)
Akhil Marar donates 1 Lakhs to CMDRF
Akhil Marar: ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ഇന്നലെയാണ് അഖില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ട്രാന്‍സ്ഫര്‍ ചെയ്തത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ അഖിലിനു ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം രൂപ ലഭിച്ചെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അഖില്‍ കുപ്രചരണങ്ങള്‍ നടത്തിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്കു ആരും സംഭാവന നല്‍കരുതെന്നും അഖില്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്ന് താരത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. അഖില്‍ മാരാരുടെ ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കുകള്‍ നിരത്തി മറുപടി നല്‍കി. ഇതിനു പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്കു താനും സംഭാവന നല്‍കുമെന്ന് അഖില്‍ മാരാര്‍ പ്രഖ്യാപിച്ചത്.
ലാപ് ടോപ് വാങ്ങാന്‍ കെ.എസ്.എഫ്.ഇയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 80 കോടി 40 ലക്ഷം രൂപ അനുവദിച്ചത് എന്തിനാണെന്ന ചോദ്യവുമായാണ് അഖില്‍ രംഗത്തെത്തിയത്. എന്നാല്‍ കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ് വാങ്ങാന്‍ അനുവദിച്ച പണമാണ് ഇതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൊള്ളയാണെന്ന് മനസിലായതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന ചെയ്തു യു-ടേണ്‍ അടിക്കുകയായിരുന്നു അഖില്‍. വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി മൂന്ന് വീടുകള്‍ താന്‍ നേരിട്ടുവെച്ചു നല്‍കുമെന്നും അഖില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.