തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (13:26 IST)
ബിജെപി സര്‍ക്കാരിനെതിരെയും ആർഎസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമൊരുക്കി മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്. ഇന്ത്യയില്‍ ഏറ്റവും സമാധാനമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ കുറച്ചു നാളുകളായി നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. പണ്ട് ഹിറ്റ്‌ലർ നടപ്പാക്കിയ കാര്യങ്ങളാണ് ആർഎസ്എസ് ഇപ്പോൾ നടത്തുന്നതെന്നും ആന്റണി പറഞ്ഞു.
ആർഎസ്എസ് ഹിറ്റ്‌ലറെ പോലെ പെരുമാറുകയാണ്. അവര്‍ക്ക് ഇഷ്‌ടമില്ലാത്തത് ഒന്നും അനുവദിക്കില്ല. ഇഷ്ടമില്ലാത്തതെഴുതിയാൽ കൊല്ലും, ദലിതരെ ചുട്ടുകരിക്കുന്നു, അവര്‍ പറയുന്നത് കഴിക്കാന്‍ പാടില്ല എന്നീ തരത്തിലുള്ള കാടന്‍ നിയമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആന്റണി പറഞ്ഞു. ബെജെപി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്. കര്‍ഷകരുടെ ആത്‌മഹത്യ വര്‍ദ്ധിച്ചു വരുകയാണ്. നരേന്ദ്ര മോഡിയുടെ വാചകമടിയില്‍ രാജ്യം തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ മോഡിയുടെ ഭരണം നിരാശജനകമാണ്. ഒരുവർഷത്തെ ഭരണനേട്ടങ്ങൾ മോദി ബോധിപ്പിച്ചത് ആർഎസ്എസ് ആസ്ഥാനത്താണെന്നും ആന്റണി പരിഹസിച്ചു.
കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകണം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ വൻ മാറ്റം കൊണ്ടുവന്നു. യുഡിഎഫും എൽഡിഎഫും തമ്മിലായിരിക്കും പോരാട്ടം നടക്കുന്നത്. അതില്‍ ബി.ജെ.പി ഔട്ടാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമല്ല അതിനു ശേഷവും ഭരണത്തുടർച്ചയുണ്ടാകണമെന്നും ആന്റണി വ്യക്തമാക്കി.
കോൺഗ്രസിലും യു.ഡി.എഫിലും നേതൃതർക്കമൊന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ നായകനെ ചൊല്ലിയുള്ള ചർച്ച അനവസരത്തിലാണെന്നും ആന്റണി പറഞ്ഞു. മുസ്ളീം ലീഗുമായുള്ള ബന്ധത്തിൽ ഒരു പോറൽ പോലും ഉണ്ടാവില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.