നടേശാ മോഷണത്തിന് തൂക്കുമരമല്ല, കല്‍ത്തുറുങ്കാണ് ശിക്ഷ: വിഎസ്

എസ്എന്‍ഡിപി , ബിജെപി , വെള്ളാപ്പള്ളി നടേശന്‍ , വിഎസ് അച്യുതാനന്ദന്‍
കൊച്ചി| jibin| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2015 (12:04 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍‌സ് ഇടപാടില്‍ വന്‍ തട്ടിപ്പാണ് നടന്നത്. വെള്ളാപ്പള്ളിയെ കൂടെക്കൂട്ടിയാല്‍ ബാധ്യതയാവുമെന്ന് ബിജെപിക്ക് അറിയാമെന്നും വിഎസ് പറഞ്ഞു.

മൈക്രോഫിനാന്‍‌സ് ഇടപാടില്‍ അഴിമതി നടന്നതായുള്ള വാര്‍ത്ത തന്നെ ആരും തെറ്റിദ്ധരിപ്പിക്കാന്‍ തന്നതല്ല. താന്‍ പറഞ്ഞതിനെല്ലാം വ്യക്തമായ തെളിവുകള്‍ ഉണ്ട്. പാവങ്ങളായ സ്‌ത്രീകളെ വെള്ളാപ്പള്ളി നടേശന്‍ ചതിക്കുകയാണെന്നും വിഎസ് പറഞ്ഞു.

മൈക്രോഫിനാന്‍‌സ് ഇടപാടില്‍ അഴിമതി നടന്നുവെന്ന് തെളിഞ്ഞാല്‍ തൂക്കുമരത്തിലേക്ക് പോകാന്‍ തയാറാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയേയും വി എസ് പരിഹസിച്ചു. മൈക്രോഫിനാന്‍‌സ് തട്ടിപ്പിന് തെളിവുണ്ട്. മോഷണത്തിന് തൂക്കുമരമല്ല, കല്‍ത്തുറുങ്കാണ് ശിക്ഷ. വെള്ളാപ്പള്ളി അഴിയെണ്ണി കല്‍ത്തുറുങ്കില്‍ കിടക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊച്ചിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

അതേസമയം; എസ് എന്‍ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയ വകയില്‍ വെള്ളാപ്പള്ളി നടേഷന്‍ 600 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി ശ്രീനാരായണ ധര്‍മ്മ വേദി രംഗത്ത് എത്തി. ബജറ്റും വരവ് ചിലവ് കണക്കുകളും പരിശോധിച്ചാല്‍ വെള്ളാപ്പള്ളി തട്ടിയെടുത്ത തുകയുടെ കണക്കുകള്‍ വ്യക്തമാകുമെന്നും ശ്രീനാരായണ ധര്‍മ്മ വേദി സംസ്ഥാന വൈസ് ചെയര്‍മാന്‍ പുഷ്പാംഗതന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :