രേണുക വേണു|
Last Modified ചൊവ്വ, 5 നവംബര്‍ 2024 (08:24 IST)
സംസ്ഥാനത്തെ എഐ കാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്നു കരുതി നിയമലംഘനകള്‍ നടത്തുന്നവര്‍ക്ക് 'പണി' വീട്ടിലെത്തി തുടങ്ങി. നിയമലംഘനം വീണ്ടും രജിസ്‌ട്രേഡ് തപാല്‍ മുഖേന അയച്ചു തുടങ്ങി. രജിസ്‌ട്രേഡ് തപാല്‍ മുഖേന നിയമലംഘനങ്ങള്‍ വരാതെ ആയപ്പോള്‍ ആളുകള്‍ കരുതിയിരുന്നത് എഐ കാമറകള്‍ 'പണി' മുടക്കിയെന്നാണ്. ഇതേ തുടര്‍ന്ന് നിയമലംഘനങ്ങളും പെരുകിയിരുന്നു. നോട്ടീസ് അയക്കല്‍ താല്‍ക്കാലികമായി നിലച്ചെങ്കിലും എഐ കാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.
നിയമലംഘനം വീണ്ടും രജിസ്‌ട്രേഡ് തപാല്‍ വഴി അയച്ചു തുടങ്ങിയപ്പോള്‍ പിഴയടയ്ക്കുന്നവരുടെ എണ്ണവും കൂടി. കെല്‍ട്രോണിനാണ് നോട്ടീസ് അയക്കുന്നതിനുള്ള ചുമതല. ഒരു വര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാര്‍. എന്നാല്‍, നിയമലംഘനം കൂടുതല്‍ ആയതിനാല്‍ 50 ലക്ഷത്തില്‍ അധികം നോട്ടീസ് അയക്കേണ്ടി വന്നു. ഇതിനു ചെലവായ തുക ഗതാഗതവകുപ്പ് കൈമാറിയതോടെയാണ് വീണ്ടും നോട്ടീസ് അയച്ചുതുടങ്ങിയത്.
തപാലില്‍ നോട്ടീസ് അയച്ചുതുടങ്ങിയതോടെ പിഴ അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.നാഗരാജു പറഞ്ഞു. നോട്ടീസ് അയക്കുന്നത് താല്‍ക്കാലികമായി നിലച്ചെങ്കിലും എഐ കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നില്ല. പിഴ ചുമത്തിയുള്ള അറിയിപ്പ് വാഹന ഉടമകള്‍ക്ക് എസ്.എം.എസ് മുഖേന നല്‍കിയിരുന്നു. ഇത് അവഗണിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് രജിസ്‌ട്രേഡ് തപാല്‍ അയക്കുന്ന നടപടി പുനഃസ്ഥാപിച്ചത്.