സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 5 ജൂലൈ 2023 (09:46 IST)
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവ സൂക്ഷ്മമായി പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാന്‍ അയക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം, കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ പരിശോധിച്ചതില്‍നിന്ന്, സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2022 ജൂണില്‍ 3714 വാഹനാപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, 2023 ജൂണില്‍, ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇത്തവണ അത് 140 ആയി കുറഞ്ഞു. 2022 ജൂണില്‍ വാഹനാപകടങ്ങളില്‍പ്പെട്ട് 4172 പേര്‍ക്കു പരുക്കേറ്റപ്പോള്‍ ഇത്തവണ അത് 1468 ആയി കുറയ്ക്കാനും കഴിഞ്ഞു. റോഡ് സുരക്ഷയ്ക്കായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ ഏറെ പ്രയോജനം ചെയ്യുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്ക് അപ്പീല്‍ നല്‍കുന്നതിനും പരാതി അറിയിക്കുന്നതിനുമുള്ള പരാതി പരിഹാര ആപ്ലിക്കേഷന്‍ ഓഗസ്റ്റ് അഞ്ചിനു പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.