സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 5 ജൂലൈ 2023 (08:42 IST)
വിയറ്റ്‌നാമിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട്
വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ്
പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്‌നാമിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ്
ആരംഭിക്കുന്നത് വിവിധ മേഖലകളില്‍ രണ്ട് പ്രദേശങ്ങള്‍ക്കും ഗുണകരമാകുമെന്ന്
അംബാസിഡര്‍ അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ നിന്നും വിയറ്റ്‌നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ്‌ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്‌നാമുമായുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സൗത്ത് വിയറ്റ്‌നാമിലെ ചില പ്രവശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെന്‍ ട്രെ പ്രവിശ്യാ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം
തുടങ്ങി വിവിധ മേഖലകള്‍ക്ക് ഇത് കരുത്ത് പകരും. വിവിധ മേഖലകളില്‍ വിയറ്റ്‌നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താല്‍പര്യമുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.