കൊച്ചി|
jibin|
Last Modified ബുധന്‍, 12 ജൂലൈ 2017 (17:30 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദിലീപ് അറസ്‌റ്റിലായതോടെ സിനിമാ ലോകം ഞെട്ടി. പൊതുസമൂഹത്തിലെന്ന പോലെ
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലും ആ ഞെട്ടല്‍ പ്രതിഫലിച്ചു. ദിലീപ് എന്ന ജനപ്രിയനായകനുവേണ്ടി വാദിച്ച അമ്മയിലെ മുതിര്‍ന്ന താരങ്ങളും കടുത്ത സമ്മര്‍ദ്ദത്തില്‍ നിന്ന് നിശബ്ദതയിലേക്ക് വഴുതി വീണ മണിക്കൂറുകള്‍ കൂടിയാണ് കടന്നു പോയത്.
ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കി അമ്മ തല്‍ക്കാലം മാനം കാത്തുവെങ്കിലും പുതിയ സംഭവവികാസങ്ങള്‍ക്ക്
തുടക്കമിടുകയായിരുന്നു മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗം. യുവതാരങ്ങളുടെ നേതാവായും അവരുടെ ശബ്ദമായും പൃഥ്വിരാജ് ഉയര്‍ന്നുവന്ന മീറ്റിംഗ് കൂടിയായിരുന്നു ഇത്. നിലപാടുകള്‍ മുഖം നോക്കാതെ എവിടെയും പറയാന്‍ ധൈര്യമുള്ള പൃഥ്വി അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടിയേയും വൈസ് പ്രസിഡന്റ് മോഹന്‍ലാലിനെയും ഒരു ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലാക്കി.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരെ പൃഥ്വി അപ്രസക്തരാക്കി. സംഘടനയുടെ ഭരണഘടനപ്രകാരം ഒരു താരത്തെ പെട്ടെന്നു പുറത്താക്കാന്‍ സാധിക്കില്ലെന്ന് ഒരു മുതിര്‍ന്ന താരം വ്യക്തമാക്കിയപ്പോള്‍ ‘ആദ്യം അദ്ദേഹത്തെ പുറത്താക്കണം, ഭരണഘടനയൊക്കെ പിന്നെ നോക്കാ’മെന്ന് രാജു തുറന്നടിച്ചതോടെ രമ്യാനമ്പീശൻ, ആസിഫ് അലി എന്നീ യുവതാരങ്ങള്‍ പൃഥ്വിക്ക് പിന്നില്‍ അണിനിരന്നു. മമ്മൂട്ടിയും മോഹന്‍ലാലും മുന്നിലിരിക്കുമ്പോഴാണ് ഈ സംഭവങ്ങള്‍.
ദിലീപിന്റെ അറസ്‌റ്റോടെ അമ്മ പിളരാനുമുള്ള സാധ്യത നിലവിലുണ്ട്. അമ്മയില്‍ സ്‌ത്രീ പ്രധാന്യം വേണമെന്നാണ് വിമന്‍ കളക്‍ടീവ് സംഘടനയിലെ അംഗമായ രമ്യ നമ്പീശന്റെ ആവശ്യം. സംഘടനയുടെ തലപ്പത്ത് തലമുറ മാറ്റം വേണമെന്ന ആവശ്യമാണ് മറ്റു യുവതാരങ്ങള്‍ക്കുമുള്ളത്. ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ഈ ആവശ്യം ഉന്നയിക്കുമ്പോഴും യുവതാരങ്ങള്‍ അവരുടെ നേതാവായി കാണുന്നത് പൃഥ്വിരാജിനെയാണ്. അമ്മയുടെ വിലക്ക് നേരിട്ടപ്പോള്‍ പോലും ചങ്കൂറ്റത്തോടെ എതിര്‍പ്പുകളെ തരണം ചെയ്‌തു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വളര്‍ന്ന രാജുവിന്റെ ഉറച്ച നിലപാടുകളാണ് എല്ലാവര്‍ക്കും മതിപ്പുണ്ടാക്കുന്നത്.
ഇടതുപക്ഷ മനോഭാവമുള്ള യുവതാരങ്ങളാണ് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടന സ്വപ്‌നം കാണുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ വെള്ളിയാഴ്‌ച അമ്മ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ സംഘടനയിലെ തലമുറമാറ്റം ഉള്‍പ്പെടെയുള്ള കടുത്ത ആവശ്യങ്ങള്‍ യുവതാരങ്ങള്‍ ഉന്നയിക്കും. അനുകൂലമായ നിലപാട് നിലവിലെ നേതൃത്വത്തില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ പുതിയ സംഘടന രൂപികരിക്കുന്നതിലേക്ക് യുവതാരങ്ങള്‍ എത്തും.
വിലക്കുകളോ സമരങ്ങളോ ഇല്ലാത്ത സിനിമാ ലോകമാണ് വേണ്ടതെന്നും തങ്ങളുടെ ആവശ്യം പരിഗണിച്ചു മാത്രമെ ഇനി മുന്നോട്ടു പോകാന്‍ സാധിക്കൂ എന്നും യുവതാരങ്ങള്‍ വ്യക്തമാക്കും. നിലവിലെ നേതൃത്വം ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അമ്മ പിളരും. അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജോ കുഞ്ചാക്കോ ബോബനോ ആയിരിക്കും നേതൃത്വത്തിലേക്ക് എത്തുക. പൃഥ്വി നയിക്കണമെന്നാണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്. സംവിധായകന്‍ വിനയന്റെ ആശിര്‍വാദവും പിന്തുണയും ഈ സംഘടനയ്‌ക്കുണ്ടാകും.
വിമന്‍ കളക്‍ടീവ് സംഘടനയുടെ രൂപീകരണത്തിന് പിന്നിലും പൃഥിയുടെ ഇടപെടല്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സിനിമയിലെ കോക്കസുകളെ നിശബ്ദരാക്കി യുവതാരങ്ങള്‍ക്ക് സംഘടനയില്‍ സമത്വമുണ്ടാക്കുകയാണ്
ഇതിന്റെ ലക്ഷ്യം. ആസിഫ് അലി, കുഞ്ചാക്കോബോബന്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് പൃഥിക്ക് പിന്നിലുള്ളത്.