‘ഞാന്‍ ഗോപാലകൃഷ്ണന്‍, ചേട്ടന്‍റെ വലിയ ആരാധകനാണ്’ - ദിലീപ് ജയറാമിനെ പരിചയപ്പെട്ടത് ഇങ്ങനെ; ദിലീപിന്‍റെ വീഴ്ചയില്‍ വേദനയുണ്ടെന്ന് ജയറാം!

Jayaram, Dileep, Pulser Suni, Actress, Prithviraj, Mohanlal, ജയറാം, ദിലീപ്, പള്‍സര്‍ സുനി, നടി, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍
BIJU| Last Modified ബുധന്‍, 12 ജൂലൈ 2017 (15:34 IST)
മലയാള സിനിമയിലെ എല്ലാവരും വലിയ നടുക്കത്തിലാണ്. നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയനായകന്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നു. താരങ്ങളും സാങ്കേതിക വിദഗ്ധരുമെല്ലാം അതിന്‍റെ ഷോക്കില്‍ നിന്ന് മോചിതരാകാന്‍ ഇനിയുമേറെ സമയമെടുക്കുമെന്ന് തീര്‍ച്ച.

മറ്റാരേക്കാളും ദിലീപുമായി ഏറ്റവും അടുപ്പവും സ്നേഹവുമുണ്ടായിരുന്ന വ്യക്തിയാണ് താനെന്ന് നടന്‍ ജയറാം പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായുള്ള ബന്ധമാണ് ദിലീപുമായുണ്ടായിരുന്നതെന്നും ജയറാം പറഞ്ഞു.

“33 വര്‍ഷം മുമ്പ് കൊച്ചിന്‍ കലാഭവന്‍റെ മുന്നില്‍ വച്ച് തുടങ്ങിയതാണ് ഞാനും ദിലീപും തമ്മിലുള്ള ബന്ധം. ‘നമസ്കാരം, ഞാന്‍ ഗോപാലകൃഷ്ണന്‍. ചേട്ടന്‍റെ വലിയ ആരാധകനാണ്’ എന്നുപറഞ്ഞാണ് ദിലീപ് എന്നെ പരിചയപ്പെടുന്നത്. അതിന് ശേഷം അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാന്‍ നോക്കിക്കാണുകയായിരുന്നു. ദിലീപിന്‍റെ ഈ അവസ്ഥയില്‍ വലിയ വേദനയുണ്ട്” - ജയറാം വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്നാലെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പാകുന്നു. ഇനി പിടിയിലാകാനുള്ളവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് വിവരം.

അഡ്വ. രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ചില സ്ത്രീകളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനേക്കാള്‍ വൈരാഗ്യമുള്ള രണ്ട് സ്ത്രീകളെക്കുറിച്ച് ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.

കേസില്‍ ഒരു ‘മാഡം’ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ മാഡം ആരാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കാവ്യാമാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും കഴിഞ്ഞ ദിവസം ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പള്‍സര്‍ സുനി ഇവരുടെ ഓണ്‍ലൈന്‍ വസ്ത്രവിതരണ സ്ഥാപനമായ ‘ലക്‍ഷ്യ’യില്‍ എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

ഇവരെ കൂടാതെ മലയാളത്തിലെ ഒരു പ്രമുഖ നടനെയും നടിയെയും ചോദ്യം ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :