aparna shaji|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (07:58 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവായേക്കാവുന്ന തെളിവുകള്‍ ഫോറന്‍സിക് പരിശോധനയിലാണ് പൊലീസിന് ലഭിച്ചത്. മുഖ്യപ്രതി സുനിൽകുമാർ അഭിഭാഷകനു കൈമാറിയ മെമ്മറി കാർഡിൽ ദൃശ്യങ്ങൾ കണ്ടെത്തിയതായാണു തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽനിന്നു പൊലീസിനെ അനൗദ്യോഗികമായി അറിയിച്ചത്.
എന്നാൽ, നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പൊലീസ് പിടിച്ചെടുത്തവയിലുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെങ്കിലും ഇതു ദൃശ്യം പകർത്തിയ ഫോണിൽ ഉപയോഗിച്ച മെമ്മറി കാർഡ് തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരത വന്നിട്ടില്ല. ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചവയിൽ യഥാർഥ മെമ്മറി കാർഡ് കണ്ടെത്താനായില്ലെങ്കിൽ ഇതും പൊലീസിനു തലവേദനയാകും.
മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതിനായി സംഭവം നടന്നതിനു പിറ്റേന്ന് സുനിൽകുമാർ അഭിഭാഷകനെ സമീപിച്ചപ്പോഴാണു മെമ്മറി കാർഡ് കൈമാറിയത്. അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡ് കോടതി മുഖേനെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കായി അയച്ചത്.
യഥാർഥ മെമ്മറി കാർഡിൽനിന്നു പകർത്തപ്പെട്ട ദൃശ്യങ്ങളാണു ഫൊറൻസിക് ലാബിലുള്ള മെമ്മറി കാർഡിലേതെന്നു തെളിഞ്ഞാലും പൊലീസിനു തലവേദനയാണ്. സുനിൽകുമാറിൽനിന്നു ദൃശ്യങ്ങൾ ചോർന്നിരിക്കാനുള്ള സാധ്യതയാണ് ഇതു തെളിയിക്കുന്നത്.