അഭിറാം മനോഹർ|
Last Modified വെള്ളി, 14 ജനുവരി 2022 (08:39 IST)
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു. സുപ്രധാന തെളിവുകൾ ലഭിച്ചാൽ ലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ചും മുന്നോട്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്തസംഘം റെയ്ഡിനെത്തിയത്. സൈബർ വിദഗ്ധരും ഒപ്പമുണ്ടായിരുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടൻ ദിലീപും കൂട്ടരും 2017 നവംബർ 15-ന് പത്മസരോവരത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന് എതിരെയുള്ള മൊഴി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന തോക്കും അന്വേഷണ ഉദ്യോഗസ്ഥർ തിരഞ്ഞു. എന്നാൽ ദിലീപിന്റെപേരിൽ തോക്കിന് ലൈസൻസില്ലെന്നാണ് സൂചന. റെയ്ഡിൽ തോക്ക് കണ്ടെടുക്കാനായില്ല.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെങ്കിൽ ഡിലീറ്റ് ചെയ്തിട്ടുണ്ടാമെന്ന സാധ്യത പരിഗണിച്ച് ഹാർഡ് ഡിസ്കുകളുടെയും പെൻഡ്രൈവുകളുടെയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവ വീണ്ടെടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നത്.