സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ഡിസംബര്‍ 2025 (19:27 IST)
വര്‍ക്കല: സാരി പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. വര്‍ക്കല അയിരൂര്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ജീവനക്കാരിയും വര്‍ക്കല ചെറുകുന്നം സ്വദേശിയുമായ മീന മണികണ്ഠന്‍ (52, ഷീബ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രിന്റിംഗ് പ്രസ്സിനുള്ളിലെ അപകടം നടന്നത്.
ഇരുപത് വര്‍ഷത്തോളമായി പൂര്‍ണ പബ്ലിക്കേഷന്‍സില്‍ ജോലി ചെയ്യുന്ന ആളാണ് മീന. ജീവനക്കാരുടെ സുരക്ഷയ്ക്കായി പ്രസ്സിനുള്ളില്‍ സാരി ധരിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് മീന സാരി ധരിച്ചാണ് എത്തിയത്. സുരക്ഷയ്ക്കായി സാരിക്ക് മുകളില്‍ ഒരു കോട്ടും ധരിച്ചിരുന്നു. പ്രിന്റിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ മീന സ്റ്റോര്‍ റൂമിലേക്ക് പോയിരുന്നു. മുറിയില്‍ നിന്ന് മടങ്ങുമ്പോള്‍ സാരിയുടെ അറ്റം മെഷീനില്‍ കുടുങ്ങി. തല ശക്തിയോടെ തറയില്‍ ഇടിച്ചു.
ഉടന്‍ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മണികണ്ഠനാണ് മീനയുടെ ഭര്‍ത്താവ്.