സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ഡിസംബര്‍ 2025 (18:31 IST)
കോട്ടയം: തലയോലപ്പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന എല്‍പിജി സിലിണ്ടര്‍ ലോറിക്ക് തീയിട്ട് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ കടപ്ലാമറ്റം സ്വദേശിയെ തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. എറണാകുളത്ത് നിന്ന് എല്‍പിജി സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവര്‍ വെട്ടിക്കാട്ടുമുക്ക് സ്വദേശിയാണ്. അതിനാല്‍ ലോറി പതിവായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്യാറുണ്ട്.
ലോറിക്ക് മുകളിലൂടെ കയറിയയാള്‍ ഫുള്‍ സിലിണ്ടര്‍ തുറന്ന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതുവഴി കടന്നുപോയ ഒരു കാര്‍ യാത്രക്കാരന്‍ ഇത് കണ്ട് സമീപത്തെ വീട്ടില്‍ വിവരമറിയിച്ചു. കുടുംബം ഉടന്‍ തന്നെ പോലീസിനെയും വൈക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസിനെയും അറിയിച്ചു. മറ്റ് സിലിണ്ടറുകള്‍ക്കൊന്നും തീപിടിക്കാത്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വൈകുന്നേരം മുതല്‍ ഇയാള്‍ സ്ഥലത്ത് അലഞ്ഞുനടന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ വലിയ ഗതാഗതക്കുരുക്ക് നേരിട്ടു.