Rijisha M.|
Last Modified ചൊവ്വ, 3 ജൂലൈ 2018 (10:38 IST)
മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന സംഭവത്തിൽ മൊത്തം 15 പ്രതികൾ ഉണ്ടെന്ന് ദൃക്ഷാക്ഷികൾ. ഒന്നാം പ്രതി മഹാരാജാസിലെ തന്നെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയായ വടുതല സ്വദേശി മുഹമ്മദാണെന്ന് പൊലീസ് അറിയിച്ചു. മുഹമ്മദ് ഇപ്പോള്‍ ഒളിവിലാണ്.
അതേസമയം, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടും. ക്യാമ്പസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇതിനകം കസ്‌റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിങ്കളാഴ്‌ച പുലർച്ചേ ആയിരുന്നു സംഭവം. അഭിമന്യുവിനെ ഒരാള്‍ പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. അര്‍ജുൻ, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് കാമ്പസ് ഫ്രണ്ടുണ്ട് പ്രവർത്തകർ അറസ്റ്റിലായി. കോളേജ് അങ്കണത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ക്രമത്തില്‍ കലാശിച്ചത്. അധ്യയന വർഷം തുടങ്ങുന്നതോടനുബന്ധിച്ച് പോസ്‌റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.