വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2019 (15:29 IST)
കൊച്ചി: അഭയ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഇടപെടല്‍. കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്‍ടര്‍മാരെ വിസ്‌തരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഡോക്‍ടര്‍മാരെ വിസ്‌തരിക്കണമെന്ന് തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
പ്രവീണ്‍ പര്‍വതപ്പ, എന്‍ കൃഷ്ണവേണി എന്നിവരാണ് 2007ല്‍ നാര്‍ക്കോ അനാലിസിസ് നടത്തിയത്. ഇവരെ വിസ്തരിക്കാനാണ് സി ജെ എം കോടതി ഉത്തരവിട്ടത്. എന്നാല്‍ കേസിലെ പ്രതികളായ സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും ഇത് ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സി ജെ എം കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ വാദിച്ചത്. നാര്‍ക്കോ പരിശോധന നടത്തിയ ഡോക്‍ടര്‍മാരെ വിസ്‌തരിക്കുന്നത് നിയമപരമല്ലെന്നും നാര്‍ക്കോ പരിശോധന തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ടന്നും
പ്രതികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.