കൊല്ലം|
priyanka|
Last Updated:
ബുധന്‍, 20 ജൂലൈ 2016 (08:07 IST)
പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എഎസ്‌ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരെ കോടതി വിധി ഇന്ന്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ 15ന് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഈ കേസില്‍ വിധി പറഞ്ഞ ശേഷമായിരിക്കും ആട് ആന്റണി ഉള്‍പ്പെട്ട 200ഓളം മോഷണക്കേസുകളില്‍ വിധി പറയുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.
2012 ജൂണ്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റണിയെ ഗ്രേഡ് എസ്‌ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനില്‍ ഉണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി എസ്‌ഐ ജോയിയേയും പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള കുത്തേറ്റ് തല്‍ക്ഷണം മരിച്ചു. എസ്‌ഐ ജോയി പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊലീസ് പിന്‍തുടര്‍ന്നതിനെത്തുടര്‍ന്ന് വാന്‍ ഉപേക്ഷിച്ച് കടന്ന ആന്റണിയെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷത്തിന് ശേഷമായിരുന്നു. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.