85 ലക്ഷം രൂപ നല്‍കണം, ഗുരുവായൂര്‍ ദേവസ്വത്തിനു ജപ്തി ഭീഷണി

ഗുരുവായൂര്‍| WEBDUNIA|
PRO
ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ജപ്തി നടപടി ഉണ്ടാവുമെന്ന്‌ ഭീഷണി. ശനിയാഴ്ച നടക്കുന്ന ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലില്‍ ഇത്‌ സംബന്ധിച്ച തീരുമാനം ഉണ്ടാവും എന്നാണറിയുന്നത്‌. ജപ്തി നടപടിക്ക്‌ സര്‍ക്കാര്‍ അക്കൗണ്ടന്റ്‌ ജനറല്‍ ഓഡിറ്റ്‌ വിഭാഗം റവന്യൂ റിക്കവറിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

1960ലെ സംസ്ഥാന മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 184, 1994ലെ സംസ്ഥാന മുനിസിപ്പല്‍ ആക്റ്റ്‌ സെക്ഷന്‍ 333 എന്നീ വകുപ്പുകള്‍ പ്രകാരം നിയമപരമായി ലഭിക്കേണ്ട അംശാദായ തുക ലഭിക്കുന്നില്ല എന്നുള്ള ഹര്‍ജിയിന്‍‌മേലാണ്‌ ജപ്തി നടപടി ഉണ്ടായിരിക്കുന്നത്‌.

ഗുരുവായൂര്‍ നഗരസഭയ്ക്ക്‌ അനുകൂലമായാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ വിധി വന്നത്‌. എങ്കിലും ദേവസ്വം ബോര്‍ഡ്‌ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചപ്പോഴും നഗരസഭയ്ക്ക്‌ അനുകൂലമായ വിധിയാണുണ്ടായത്‌. ഇതിനെ തുടര്‍ന്നാണ്‌ നഗരസഭ ദേവസ്വം ബോര്‍ഡിനെതിരെ നടപടിയെടുക്കാന്‍ തുടങ്ങുന്നത്‌.

നിലവിലെ കണക്കനുസരിച്ച്‌ അക്കൗണ്ടന്റ്‌ ജനറല്‍ ഓഡിറ്റ്‌ പ്രകാരം 2009 വരെ 2.37 കോടി രൂപയാണ്‌ ദേവസ്വം ബോര്‍ഡ്‌ നഗരസഭയ്ക്ക്‌ നല്‍കാനുള്ളത്‌. തുടക്കത്തില്‍ ഇതിലെ 85 ലക്ഷം രൂപ ലഭിക്കാനാണ്‌ നഗരസഭ നടപടിയെടുക്കാനൊരുങ്ങുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :