51 വെട്ടേറ്റിട്ടും ടി പിക്ക് ജീവനുണ്ടായിരുന്നു!

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ഇന്നോവക്കാറില്‍ എത്തിയ സംഘത്തില്‍ നിന്ന് വെട്ടേറ്റ ടി പി ചന്ദ്രശേഖരനെ പൊലീസ് എത്തി ജീപ്പിലേക്ക് കയറ്റുമ്പോള്‍ ജീവനുണ്ടായിരുന്നെന്ന് നാലാം സാക്ഷിയും വടകര എസ്‌ഐയുമായ പി എം മനോജ്‌ വിചാരണക്കോടതിയില്‍ മൊഴി നല്‍കി. വടകര ജനറല്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ്‌ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നും മനോജ് മൊഴി നല്‍കി.

സംഭവസ്ഥലത്തു വച്ചുതന്നെ വെട്ടേറ്റയാള്‍ ടി പിയാണോയെന്ന് സംശയം തോന്നിയിരുന്നു. ഇക്കാര്യം ഡോക്ടറോടു പറഞ്ഞിരുന്നെന്നും മനോജ്‌ കോടതിയില്‍ മൊഴി നല്‍കി. സംഭവദിവസം പട്രോളിങ്‌ ഡ്യൂട്ടി കഴിഞ്ഞു രാത്രി 10.25നു സ്റ്റേഷനില്‍ എത്തിയപ്പോഴാണ്‌ ജിഡി ചുമതലയുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ്‌ ഓ‍ഫിസര്‍ അശോകന്‍ അക്രമത്തെക്കുറിച്ചു വിവരം തന്നത്.

ഉടന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാരുമായി സ്റ്റേഷനില്‍നിന്നു പുറപ്പെട്ടു. 10.40നു വള്ളിക്കാട്ടെത്തി. വരിശക്കുനി ജംക്ഷനില്‍നിന്ന്‌ ഓര്‍ക്കാട്ടേരി ഭാഗത്തേക്കു 40 മീറ്റര്‍ മാറി വലതുഭാഗത്തായി ഹീറോ ഹോണ്ട പാഷന്‍ പ്ലസ്‌ ബൈക്കും അതിനോടു ചേര്‍ന്ന്‌ ഒരാളും വീണുകിടക്കുന്നതു കണ്ടു.

തൊട്ടടുത്തു നിന്നിരുന്ന രണ്ടു പേരുടെ സഹായത്തോടെ ബൈക്ക്‌ നിവര്‍ത്തിവച്ചു. മുഖവും തലയും മാരകമായി വെട്ടേറ്റു പിളര്‍ന്ന നിലയില്‍ ആയതിനാല്‍ ആളെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മനോജ് മൊഴി നല്‍കി. തുടര്‍ന്ന് രണ്ട് പേരുടെ സഹായത്തോടെയാണ് വെട്ടേറ്റ ആളെ ജീപ്പില്‍ കയറ്റിയത്.

കാറില്‍ എത്തിയ സംഘം ആക്രമണം നടത്തിയ ശേഷം ബോംബെറിഞ്ഞു ഭീതി പരത്തുകയും കാറില്‍ രക്ഷപ്പെടുകയും ചെയ്‌തെന്നാണു സമീപത്തുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. ശരീരപ്രകൃതിയില്‍നിന്നു പരുക്കേറ്റത്‌ ആര്‍എംപി നേതാവ്‌ ടി പി ചന്ദ്രശേഖരനാണെന്നു സംശയം തോന്നിയെന്നാണ് മനോജ് മൊഴി നല്‍കിയത്.

എന്നാല്‍, ടിപിയെ തുടക്കത്തിലേ തിരിച്ചറിഞ്ഞെന്ന മനോജിന്റെ മൊഴി കളവാണെന്നും സര്‍ട്ടിഫിക്കറ്റിലും എഫ്‌ഐആറിലും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :