ഭര്‍ത്താവിനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന ഭാര്യക്ക് 10 വര്‍ഷം തടവ്

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (09:46 IST)
PRO
PRO
ഭര്‍ത്താവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കു 10 വര്‍ഷം തടവും 10,000 രൂപ പിഴയും. കോതമംഗലം തൃക്കാരിയൂര്‍ തങ്കളം പുളിക്കല്‍ വീട്ടില്‍ ലീലയ്ക്കാണ്‌ (49) ജില്ലാ അഡീഷനല്‍ സെഷന്‍സ്‌ കോടതി ശിക്ഷ വിധിച്ചത്‌. 2010 മെയ്‌ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കല്‍പണിക്കാരനായ ഭര്‍ത്താവ്‌ എല്‍ദോസിനെ ലീല ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

തലയോടു പൊട്ടി പുറത്തുവന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എല്‍ദോസ്‌ ജൂലൈ 27നാണു മരിച്ചത്‌. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണു വ്യത്യസ്‌ത സമുദായക്കാരായ എല്‍ദോസും ലീലയും വിവാഹം കഴിച്ചത്‌.

മദ്യപിച്ചെത്തുന്ന എല്‍ദോസ്‌ ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത്‌ പതിവായിരുന്നു. പിള്ളക്കല്ലുകൊണ്ട്‌ എല്‍ദോസ്‌ ലീലയെ കുനിച്ചുനിര്‍ത്തി മുതുകില്‍ ഇടിക്കുന്നതു കണ്ടിട്ടുണ്ടെന്ന്‌ എല്‍ദോസിന്റെ അടുത്ത ബന്ധുക്കള്‍ തന്നെ വിചാരണയില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്‌ പതിവാക്കാത്ത വ്യക്‌തിയായതും സ്‌ത്രീയാണെന്നതും കണക്കിലെടുത്താണ്‌ കോടതി ശിക്ഷയില്‍ ഇളവു നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :