‘ഭാരതീയ സംസ്കാരമാണ് ഉദാത്തതമെന്ന് സ്വാമി വിവേകാനന്ദന്‍ കാണിച്ചുകൊടുത്തു‘

കൊച്ചി| WEBDUNIA|
PRO
PRO
ഭാരതീയ സംസ്കാരം പാശ്ചാത്യ സംസ്കാരത്തേക്കാള്‍ ഉദാത്തമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ചുരുങ്ങിയ കാലത്തെ ജീവിതംകൊണ്ട് സ്വാമി വിവേകാനന്ദന് കഴിഞ്ഞുവെന്ന് എറണാകുളം ജില്ല കളക്ടര്‍ പി ഐ ഷെയ്ക്പരീത്. ക്ഷണികമായ ഈ ജീവിതത്തില്‍ സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ നമുക്ക് പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പുസ്തകപ്രകാശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നും വിശേഷിപ്പിച്ചതിനെതുടര്‍ന്നാണ് നാട്ടില്‍ നവോത്ഥാനത്തിന്റെ അലയടികള്‍ ഉയര്‍ന്നത്. യഥാര്‍ഥ കേരളീയ നവോത്ഥാനത്തിന്റെ ശില്‍പ്പിയാണ് സ്വാമിജി. എന്നാല്‍ ഇന്ന് വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്തും നടക്കുന്നതായി സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന പുസ്തകം പ്രകാശനം ചെയ്ത എം കെ സാനുമാസ്റ്റര്‍ പറഞ്ഞു.

മനുഷ്യരുടെ എല്ലാ ദുഃഖങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഭാരതദര്‍ശനങ്ങളില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇക്കാര്യം ലോകത്തിന് ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇത് ബോധ്യപ്പെട്ട് തുടങ്ങിയിട്ടില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം തയ്യാറാക്കിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും, ഡോ എസ് രാധാകൃഷ്ണന്‍ രചിച്ച സ്വാമി വിവേകാനന്ദനും കേരളവും എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി തല്‍പുരുഷാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

101 പ്രമുഖര്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളും എന്ന പുസ്തകം പ്രൊഫ.എം കെ സാനു കവി എന്‍കെദേശത്തിന് നല്‍കിയും, സ്വാമി വിവേകാനന്ദനും കേരളവും എന്ന പുസ്തകം എം വി ദേവന്‍ കവി എസ് രമേശന്‍നായര്‍ നല്‍കിയും പ്രകാശനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :