‘ഇവിടെ ദരിദ്രരില്ലാത്തതു കൊണ്ട് കണ്ണന്താനം മത്സരിക്കുന്നില്ല’

തിരുവനന്തപുരം| ശ്രീകലാ ബേബി|
PRO
കേരളത്തില്‍ ദരിദ്രരില്ലാത്തതു കൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇവിടെ മത്സരിക്കാത്തതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് കണ്ണന്താനത്തിന് ഇഷ്‌ടം. കേരളത്തില്‍ ദരിദ്രരില്ല. അതുകൊണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ ദരിദ്രര്‍ ഉള്ളത്. അതുകൊണ്ട് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനായിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നാണ് കണ്ണന്താ‍നം തന്നോട് പറഞ്ഞതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പൂഞ്ഞാറില്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം വ്യാഴാഴ്ചയാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ മത്സരിക്കാനില്ലെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. വി എസിന് സീറ്റു നിഷേധിച്ച പശ്ചാത്തലത്തിലാണ് താന്‍ മത്സരിക്കാത്തതെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയനോട് കണ്ണന്താനം മത്സരിക്കാത്തതിനെക്കുറിച്ച് ചോദിച്ചത്. വി എസിന് സീറ്റു നിഷേധിച്ച പശ്ചാത്തലത്തിലാണല്ലോ കണ്ണന്താനം മത്സരിക്കാനില്ലെന്ന് പറഞ്ഞത്, എന്നാല്‍ വി എസിന് സീറ്റു നല്കിയ പശ്ചാത്തലത്തില്‍ കണ്ണന്താനം പൂഞ്ഞാറില്‍ മത്സരിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :