സ്വര്‍ണം കടത്തല്‍ പ്രസ്താവനയ്ക്കെതിരെ NSS

പെരുന്ന| WEBDUNIA|
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്താറുണ്ടെന്നും പായസം എന്ന വ്യാജേന പാത്രത്തില്‍ സ്വര്‍ണവുമായാണ് അദ്ദേഹം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍ ആരോപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. അറിവില്ലാത്ത കാര്യങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരായി വി‌എസ് പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു എന്ന് നായര്‍ സര്‍‌വീസ് സൊസൈറ്റി പ്രസ്താവിച്ചു.

“മാര്‍ത്താണ്ഡവര്‍മ രാജാവിനെതിരേ വി.എസ്‌ വില കുറഞ്ഞ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. ഈ ആരോപണത്തില്‍ ഒരു കഴമ്പുമില്ല. തെളിവില്ലാത്ത കാര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന്‌ കരുതി നിജസ്ഥിതി മനസിലാക്കാതെ വി.എസ്‌ ആരോപണമുന്നയിച്ചത് തെറ്റായിപ്പോയി” - പെരുന്നയില്‍ വച്ച് എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന്‌ യോജിക്കാത്തതാണെന്ന്‌ മന്ത്രി കെസി ജോസഫും അഭിപ്രായപ്പെട്ടു. പ്രസ്താവന പിന്‍വലിച്ച്‌ അച്യുതാനന്ദന്‍ മാപ്പുപറയണമെന്നാണ് കെസി ജോസഫിന്റെ ആവശ്യം. വി.എസിന്റെ അഭിപ്രായത്തോട്‌ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ യോജിക്കുന്നുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നും കെ.സി. ജോസഫ്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്താറുണ്ട്. പായസം എന്ന വ്യാജേന പാത്രത്തില്‍ സ്വര്‍ണവുമായാണ് അദ്ദേഹം ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതെന്നാണ് വിഎസ് ആരോപിച്ചത്. ഇത് കണ്ടുപിടിച്ച അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച കാര്യം തനിക്കറിയാമെന്നും വി‌എസ് വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :