സ്കൂളില്‍ ‘ഒ വി വിജയന്‍ വേണ്ട’, ഉടന്‍ നീക്കണമെന്ന് നിര്‍ദ്ദേശം!

മലപ്പുറം| WEBDUNIA|
PRO
കോട്ടക്കല്‍ രാജാസ്‌ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിര്‍മ്മിച്ച വിഖ്യാത സാഹിത്യകാരന്‍ ഒ വി വിജയന്‍റെ നീക്കം ചെയ്യണമെന്ന്‌ കോട്ടക്കല്‍ നഗരസഭ സ്കൂള്‍ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌ വിവാദമാകുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്‌ നേരിട്ടിടപെട്ട്‌ പ്രതിമ നീക്കം ചെയ്യാന്‍ നഗരസഭയോട്‌ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്‌ അറിയുന്നത്‌.

കഴിഞ്ഞ ദിവസം നഗരസഭാ വൈസ്‌ ചെയര്‍മാന്‍ പി മൂസക്കുട്ടി ഫോണില്‍ വിളിച്ചാണ്‌ പ്രതിമ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടതത്രെ. വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒ വി വിജയന്‍ സ്മൃതിവനം പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമയാണ്‌ മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്‌.

സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലെ കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ്‌ പ്രതിമ നിര്‍മ്മിച്ചത്‌. ആര്‍ട്ടിസ്റ്റ്‌ ഇന്ത്യനൂര്‍ ബാലകൃഷ്ണനാണ്‌ ഒ വി വിജയനും പൂച്ചയും പുസ്തകവും ചേര്‍ത്തുള്ള പ്രതിമ നിര്‍മ്മിച്ചത്‌.

ഖസാക്കിന്റെ ഇതിഹാസത്തില്‍ കഥാപാത്രങ്ങളായി വരുന്ന മൂങ്ങയും പാമ്പും ശില്‍പം പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. 1.75 ലക്ഷം രൂപയാണ്‌ ശില്‍പങ്ങളുടെ നിര്‍മ്മാണ ചിലവ്‌. ചൊവ്വാഴ്ച പാര്‍ക്ക്‌ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്‌ വിദ്യാഭ്യാസ വകപ്പും നഗരസഭയും എതിര്‍പ്പുമായി രംഗത്തെത്തിയത്‌.

പ്രതിമ മാറ്റിയതിനുശേഷം മാത്രമേ പാര്‍ക്ക്‌ ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന്‌ നഗരസഭ ശാഠ്യം പിടിച്ചു. പ്രതിമ നിര്‍മ്മാണത്തിന്‌ അനുമതി വാങ്ങിയിട്ടില്ലെന്നാണ്‌ അധികൃതരുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :