സോളാര്‍ കേസ്: ടെനി ജോപ്പനും ശാലുമേനോനും ജാമ്യം

കൊച്ചി| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോനും ടെനി ജോപ്പനും ജാമ്യമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയാണിരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സതീശ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചായിരുന്നു ഇരുവരുടെയും കേസുകള്‍ പരിഗണിച്ചത്.

സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന് ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതിനോടനുബന്ധിച്ചുള്ള കേസില്‍ അറസ്റ്റിലായ ടെനി ജോപ്പന് ജാമ്യം ആവാമെന്ന നിലപാടും സര്‍ക്കാ‍ര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെനി ജോപ്പന് ഉപാധികളോടെ ജാമ്യം ആവാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. കേസന്വേഷണം ഏതാണ്ട് പൂ‍ര്‍ത്തിയായ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചതില്‍ തെറ്റില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയത്.

ഇരുവരും കേരളം വിട്ടു പോകരുതെന്നും അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ജാമ്യത്തിനായി ശാലു മേനോന്‍ ഒരു ലക്ഷം രൂപയും ജോപ്പന്‍ അമ്പതിനായിരം രൂപയും കെട്ടിവെക്കണം.

ഇരുവര്‍ക്കും രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ശാലുമേനോന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഇരുവരും റിമാന്‍ഡില്‍ കഴിയുകയാണ്.

റാസിഖ് അലിയില്‍ നിന്നും പണം തട്ടിയ കേസിലാണ് ശാലുവിന് ജാമ്യം അനുവദിച്ചത്. .കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ ജൂണ്‍ 28 നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ജോപ്പന്‍ അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :