സിപിഐയ്ക്ക് ഇനി സംസ്ഥാന സെക്രട്ടേറിയറ്റ് ഇല്ല

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 11 ഏപ്രില്‍ 2015 (16:22 IST)
കേരളഘടകത്തിന് ഇനിമുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഉണ്ടാകില്ല. സംസ്ഥാന കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുവരെ പാര്‍ട്ടിയുടെ അടിയന്തര തീരുമാനങ്ങളും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയവും നടത്തിയിരുന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരുന്നു. ഇതാണ് ഇനിമുതല്‍ വേണ്ടെന്ന് സംസ്ഥാന കൌണ്‍സിലില്‍ തീരുമാനിച്ചത്.

ഇതിനിടെ സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് നവീകരിച്ചു. ഇസ്മയില്‍ പക്ഷത്തെ വെട്ടിനിരത്തി കാനം പക്ഷക്കാര്‍ക്ക് മുന്‍ഗണന നല്കി കൊണ്ടുള്ളതാണ് പുതിയ സംസ്ഥാന എക്സിക്യുട്ടീവ്. ഇസ്മയിലിനെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച വി പി ഉണ്ണിക്കൃഷ്‌ണനെയും പി എസ് സുപാലിനെയും എക്സിക്യുട്ടിവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, സംസ്ഥാനസെക്രട്ടേറിയറ്റ് വേണോ എന്ന വിഷയത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇക്കാര്യത്തെ അനുകൂലിച്ചത് 48 പേരായിരുന്നു. പ്രതികൂലിച്ചത് 20 പേരും. കേരളഘടകത്തിന് ഇതുവരെ മൂന്നു കമ്മിറ്റികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന എക്‌സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍ എന്നിങ്ങനെ. എന്നാല്‍, ഇനിമുതല്‍ സംസ്ഥാന എക്‌സിക്യൂട്ടിവും സംസ്ഥാന കൗണ്‍സിലും നിലനിര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം പേമെന്റ് സീറ്റ് ആയിരുന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും പേമെന്റ് സീറ്റാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇനി വേണ്ട എന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :