മലപ്പുറം അരീക്കോട് കുനിയില്‍ കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏറനാട് എംഎല്‍എ പി കെ ബഷീറിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. ബഷീര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി.
ബഷീര്‍ ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. അത്തീഖ് റഹ്‌മാന്‍ വധക്കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൊളക്കാടന്‍ ആസാദും കൊളക്കാടന്‍ അബൂബക്കറും. ഇവരെ വകവരുത്തണമെന്ന് എംഎല്‍എ പരസ്യമായി പ്രസംഗിച്ചെന്നാണ് ആരോപണം.
ഞായറാഴ്ച രാത്രിയിലാണ് ടാറ്റാ സുമോയിലെത്തിയ അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് സഹോദരങ്ങളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവര്‍ മരിച്ചത്. അത്തീഖ് റഹ്‌മാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികള്‍.