സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സംഘര്‍ഷത്തിലേക്ക്

തിരുവനന്തപുരം| Venkateswara Rao Immade Setti|
PRO
PRO
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടതുപക്ഷ - ബിജെപി അനുകൂല സര്‍വീസ്‌ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം സംഘര്‍ഷത്തിലേക്ക് നീളുന്നു. സമരം നടത്തുന്ന ജീവനക്കാര്‍ സെക്രട്ടറിയേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി.

സമരം നേരിടാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകരുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. യൂണിവേഴ്സിറ്റി കോളജില്‍ നിന്നുമാണ് കെ എസ് യു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയത്. തുടര്‍ന്ന് പൊലീസ്‌ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

റോഡിന്‌ കുറുകെ ബഞ്ചും ഡസ്കും നിരത്തി സമരക്കാരുടെ പ്രകടനം തടയാന്‍ കെഎസ്‌യു പ്രവര്‍ത്തര്‍ ശ്രമിച്ചു. സമരക്കാര്‍ സെക്രട്ടറിയേറ്റിന്‌ നേരെ കല്ലേറ്‌ നടത്തി. കനത്ത പൊലീസ്‌ സംഘം സ്ഥലത്ത്‌ നിലയുറപ്പിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം പബ്ലിക്‌ ഓഫിസില്‍ ജോലിക്കെത്തിയ വനിതകളെ സമരാനുകൂലികളായ വനിതകള്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി. ജോലിക്കെത്തിയ വനിതാ പ്രവര്‍ത്തകരുടെ വസ്‌ത്രങ്ങളില്‍ സമരാനുകൂലികളായ സ്‌ത്രികള്‍ പിടിച്ചു വലിച്ചതായി പറയപ്പെടുന്നു.

കൊല്ലം പുനലൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്കൂള്‍ സമരാനുകൂലികള്‍ പൂട്ടിയിട്ടു. കഴിഞ്ഞ ദിവസവും സ്കൂള്‍ പൂട്ടിയതിന്‌ ഇതേ സ്കൂളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

തൃശൂര്‍ കെഎസ്ടിഎ ഓ‍ഫിസിലേക്കു കെഎസ്‌യു നടത്തിയ മാര്‍ച്ച്‌ അക്രമാസക്‌തമായി. കൊടുങ്ങല്ലൂരില്‍ പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന അധ്യാപകന്റെ വീടിനു നേരെ ആക്രമണമുണ്ടായി. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ നന്ദകുമാറിന്റെ വീടിനു നേര്‍ക്കാണ്‌ ആക്രമണം ഉണ്ടായത്‌.

കൊച്ചി കോര്‍പ്പറേഷന്‍ ഓഫിസിലുള്ള സമരാനുകൂലികള്‍ക്കു നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കയ്യേറ്റം ശ്രമം നടത്തി.

കോഴിക്കോട്‌ കലക്ടറേറ്റ്‌ സമരാനുകൂലികള്‍ ഉപരോധിച്ചു. കോഴിക്കോട്‌ സിവില്‍ സ്റ്റേഷനില്‍ 32 ഓഫിസുകള്‍ അടഞ്ഞുകിടക്കുകയാണ്.

മലപ്പുറത്ത്‌ അധ്യാപകര്‍ സമരം ചെയ്യുന്ന സ്കൂളില്‍ ക്ലാസെടുക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകരെ സമരാനുകൂലികള്‍ തടഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :