സ്മാര്‍ട് സിറ്റി പദ്ധതി കരാര്‍ ഒപ്പിടുന്നതിനു മുമ്പ് സമഗ്രമായ ചര്‍ച്ച നടത്തണമെന്ന് ടീകോം അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പന്ത്രണ്ട് ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം കൂടാതെ പാട്ടക്കരാറും, ഭൂമിയുടെ രജിസ്ട്രേഷനും, പ്രത്യേക സാമ്പത്തിക മേഖലയും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ടീകോം ആവശ്യപ്പെട്ടിരിക്കുന്നത്. ടീകോമിന്റെ നിര്‍ദേശത്തിന് സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കുമെന്നാണ് കരുതുന്നത്.
സ്മാര്‍ട് സിറ്റി ഭൂമിയുടെ സ്വതന്ത്രാവകാശം അനുവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ടീകോമിനെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ അറിയിപ്പിനുള്ള മറുപടിയിലാണ് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ടീകോം ആവശ്യപ്പെട്ടത്. ചര്‍ച്ചയുടെ തീയതിയല്ല, അജന്‍ഡയാണ് പ്രധാനമെന്നും ടീകോം അധികൃതര്‍ അറിയിച്ചു.
സ്ഥലം വില്‍ക്കില്ലെന്ന ഉറപ്പോടെ ഭൂമിയുടെ സ്വതന്ത്രാവകാശം നല്‍കാമെന്നതാണ് നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം. അതേസമയം, ടീകോമിന് സ്വതന്ത്രാവകാശം നല്‍കുന്നതിനുള്ള ഭൂമി ഇതുവരെ കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല.
ഇതിനിടെ, തര്‍ക്കത്തെ തുടര്‍ന്ന് കാലഹരണപ്പെട്ട കരാര്‍ ടീകോം പുതുക്കിയിട്ടില്ല. കൊച്ചിയിലെ ഓഫീസിന്റെ പ്രവര്‍ത്തനവും ബ്രിട്ടീഷ് കമ്പനിയുമായുള്ള കണ്‍സള്‍ട്ടന്‍സിയും ടീകോം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി നേരിടുന്ന പ്രതിസന്ധികളും സംസ്ഥാന സര്‍ക്കാരില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളുമാണ് കൂടുതല്‍ കടുത്ത വ്യവസ്ഥകള്‍ വയ്ക്കുന്നതിന് ടീകോമിനെ പ്രേരിപ്പിക്കുതെന്ന് സൂചനയുണ്ട്.