സത്യം ജയിക്കുന്നു, കേരള പൊലീസിന് ബിഗ് സല്യൂട്ട്: രമ്യ നമ്പീശന്‍

സന്തോഷം പങ്കുവെച്ച് നടി

aparna| Last Modified ചൊവ്വ, 11 ജൂലൈ 2017 (07:21 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ സന്തോഷം രേഖപ്പെടുത്തി നടി രമ്യ നമ്പീശന്‍. സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ എന്നാണ് രമ്യ നമ്പീശന്റെ പ്രതികരണം. ഇതൊരു ചരിത്രമൂഹൂര്‍ത്തമാണെന്നും രമ്യ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രമ്യയുടെ പ്രതികരണം.

തിങ്കളാഴ്ച വൈകിട്ടാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അപ്പോഴും ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

എഡിജിപി ബി സന്ധ്യ ഈ കേസിന്‍റെ ചുമതല ഏറ്റെടുത്തതോടെയാണ് നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിത്തുടങ്ങിയത്. സംസ്ഥാന പൊലീസിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :