ശശിക്ക് എന്താണസുഖമെന്ന് CPM അന്വേഷിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സ്ത്രീവിഷയം, ഐസ്ക്രീം പാര്‍ലര്‍ സ്ത്രീപീഡനം എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിക്കാന്‍ സി‌പി‌എം തീരുമാനമെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലുള്ള കമ്മീഷനില്‍ എല്‍ഡിഎഫ് കണ്‍‌വീനര്‍ വൈക്കം വിശ്വനും അംഗമാണ്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ അന്വേഷണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും ശശിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടത്.

എത്രയും പെട്ടെന്നു സംഭവത്തെക്കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ പാര്‍ട്ടിയുടെ നിര്‍ദേശം. സദാചാരലംഘനവുമായി ബന്ധപ്പെട്ട് ശശിക്കെതിരെ പാര്‍ട്ടിയില്‍ പരാതി ഉണ്ടെന്നും ഇക്കാര്യം നേതൃത്വം അറിഞ്ഞപ്പോഴാണ് ശശി അവധിയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോറ്റെ പാര്‍ട്ടി നേതൃത്വം ഇക്കാര്യം നിഷേധിച്ചു. ശശിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസുഖം ഉള്ളതിനാല്‍ ചികില്‍സയ്ക്കായിട്ടാണ് അവധി അനുവദിച്ചത് എന്നുമായിരുന്നു പാര്‍ട്ടി വിശദീകരണം.

ജഡ്ജിമാരെ വരെ സ്വാധീനിച്ചാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടതെന്ന് റൌഫ് വെളിപ്പെടുത്തിയതോടെ വീണ്ടും പി ശശിയുടെ പേര് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇകെ നായനാരുടെ അപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വം ഉഷാറായി. തുടര്‍ന്നും ശശിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന ഭയത്താലാണ് ഇപ്പോള്‍ ‘ശശിയുടെ അസുഖം’ അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :