റമദാന്, ഓണം സീസണ് തിരക്ക് മുതലാക്കി വിമാന കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിരക്ക് ഇരട്ടിയോളമാക്കിയെന്ന് റിപ്പോര്‍ട്ട്. റമദാന് പ്രമാണിച്ച് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലകളിലേക്ക് പോകേണ്ടവര്‍ ദുരിതത്തിലായിരിക്കുകയാണ്.
എയര്‍ അറേബ്യ, എത്തിഹാദ്, എയര്‍ ഒമാന്‍ തുടങ്ങിയ വിമാന കമ്പനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയും യാത്രാ നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ബിസിനസ് ക്ലാസുകള്‍ അടക്കം എല്ലാ വിഭാഗം ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്കനുസരിച്ച് ജിദ്ദയിലേക്കുള്ള യാത്രാ നിരക്ക് 12,000 ല്‍ നിന്ന് 18,000 വരെയാക്കിയിട്ടുണ്ട്. ദുബൈയിലേക്കുള്ള യാത്രാ നിരക്ക് 6,000 ല്‍ നിന്ന് 20,000 രൂപയുമാക്കി. റിയാദിലേക്ക് 10,000 രൂപ 20000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇതിനൊപ്പം ഒമാനിലേക്കുള്ള യാത്രാ നിരക്ക് 9,000 രൂപയായിരുന്നത് 18,000 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്.