വിവാഹമോചനം ആവശ്യപ്പെട്ട് നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും സമര്‍പ്പിച്ച സംയുക്‌ത ഹര്‍ജി എറണാകുളം കുടുംബകോടതി ശനിയാഴ്ച പരിഗണിക്കും. ഇതിനായി കാവ്യ കോടതിയില്‍ ഹാജരായേക്കും എന്നാണ് സൂചന. എന്നാല്‍ കുവൈറ്റില്‍ കഴിയുന്ന നിശാല്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഒരുമിച്ചുള്ള ദാമ്പത്യജീവിതം അസാധ്യമാണെന്ന കാരണം കാണിച്ചാണ് കാവ്യയും നിശാലും സംയുക്തമായാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2010 ഒക്‌ടോബര്‍ 22-നായിരുന്നു ഇത്. എന്നാല്‍ പുനര്‍വിചിന്തനത്തിന് അവസരം നല്‍കാനാണ് കോടതി കേസ് ഏപ്രില്‍ 23-ലേക്ക് മാറ്റിയത്. വിവാഹമോചനം വേണം എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശനിയാഴ്ച ഇരുവരും കോടതിയില്‍ പറയുകയാണെങ്കില്‍ അത് അനുവദിച്ചുകൊണ്ട് ഉത്തരവാകും.
നേരത്തെ ഗാര്‍ഹിക പീഡനവും ഭര്‍ത്താവിന്റെ ക്രൂരമായ പെരുമാറ്റവും ചൂണ്ടിക്കാട്ടി കാവ്യ എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്ത ഹര്‍ജി നല്‍കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കാവ്യ ഈ കേസ് പിന്‍വലിക്കുകയായിരുന്നു.
2009 ഫെബ്രുവരി അഞ്ചിന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് കാവ്യയും നിശാലും വിവാഹിതരായത്. എന്നാല്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്.