വിമുക്തഭടന്‍ വിവാഹത്തട്ടിപ്പിന് പിടിയിലാ‍യി

തൊടുപുഴ| WEBDUNIA| Last Modified ശനി, 30 ജൂലൈ 2011 (15:30 IST)
വിവാഹത്തട്ടിപ്പ് വീരനായ വിമുക്‌തഭടന്‍ നാലാമതും വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട മൈലപ്ര സൂര്യഭവനില്‍ സനില്‍കുമാര്‍ (36) ആണ് അറസ്റ്റിലായത്. ഫോര്‍ട്ട്‌ കൊച്ചിയില്‍ പെയിന്റിംഗ്‌ തൊഴിലാളിയാണ് ഇയാള്‍‌.

പല സ്ഥലങ്ങളില്‍ പല പേരുകളില്‍ പ്രത്യക്ഷപ്പെട്ടാണ് ഇയാള്‍ യുവതികളെ കബിളിപ്പിച്ചിരുന്നത്. പുനര്‍വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളോടാണ് ഇയാള്‍ക്ക് താല്പര്യം. ഇവരെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കും. പിന്നെ പണവും ആഭരണങ്ങളും തട്ടി അവിടെ നിന്ന് മുങ്ങും. ഫോര്‍ട്ട്‌ കൊച്ചിയിലെ വാടക വീട്ടില്‍നിന്നാണ് എ എസ്‌ പി ആര്‍ നിഷാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്‌.

കാഞ്ഞിരമറ്റം സ്വദേശിനിയെയാണ് ഇയാള്‍ നാലാമതായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തനിക്ക് ബന്ധുക്കള്‍ ആരും ഇല്ലെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ മാര്‍ച്ച്‌ 20-ന്‌ വിവാഹം നിശ്‌ചയിച്ചു. എന്നാല്‍ എസ്‌ എന്‍ ഡി പി ശാഖയില്‍ നിന്ന് പത്രിക കൈമാറണമെന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ വെട്ടിലായി. തന്റെ വീട് നന്നാക്കാന്‍ 30,000 രൂപ വേണമെന്ന് ഇയാള്‍ പെണ്‍‌വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ 10,000 രൂപയും വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടി പെണ്‍‌വീട്ടുകാര്‍ പരാതി നല്‍കി.

പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇയാള്‍ വിവാഹ തട്ടിപ്പ് തൊഴിലാക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയെയാണ്‌ ആദ്യം വിവാഹം ചെയ്‌തത്‌. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്‌. തുടര്‍ന്ന്‌ ഹരിപ്പാട്‌ സ്വദേശിനിയായ നഴ്‌സിനെ വിവാഹം ചെയ്തു. അവരുടെ പുനര്‍വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ജനിച്ചു. പിന്നീട് വൈക്കം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്‌ത്രീയെ വിവാഹം ചെയ്‌തു. ഇവരുടെ 14 പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന്‌ മുങ്ങുകയായിരുന്നു. സന്തോഷ്‌കുമാര്‍, സുഭാഷ്‌, സുനില്‍കുമാര്‍ തുടങ്ങിയ പേരുകളിലായിരുന്നു ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :