ബ്രിട്ടനിലെ കിരീടാവകാശിയുടെ കല്യാണത്തിന് രണ്ട് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ക്ക് ക്ഷണമില്ല. ടോണി ബ്ലെയറിനെയും ഗോര്‍ഡന്‍ ബ്രൌണിനെയുമാണ് ‘മെഗാ’ വിവാഹക്കമ്മറ്റിക്കാര്‍ അവഗണിച്ചത്. ക്ഷണിക്കാത്തതിനെ പറ്റി ഗോര്‍ഡന്‍ ബ്രൌണിന് പരാതിയില്ല എങ്കിലും ടോണി ബ്ലെയര്‍ തന്റെ നീരസം ഒളിച്ചുവച്ചില്ല. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതില്‍ വേദനയോ നീരസമോ ഇല്ല എന്ന് പറഞ്ഞാണ് ബ്ലെയര്‍ തന്റെ വികാരം പ്രകടിപ്പിച്ചത്.
രാഷ്ട്രീയക്കാര്‍ക്ക് പകരം ലോകത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ള ആളുകളെ വിവാഹത്തിന് ക്ഷണിച്ചതിനെ പറ്റി എന്ത് പറയുന്നു എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിവേകപൂര്‍ണമായ തീരുമാനമാണെന്ന് ടോണി ബ്ലെയര്‍ പ്രതികരിച്ചു. അതേ സമയം, തന്നെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കാന്‍ താനാളല്ലെന്നും നവദമ്പതികള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നുവെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.
മുന്‍ കണ്‍സര്‍വേറ്റിവ് അംഗങ്ങളായ മാര്‍ഗരറ്റ് താച്ചര്‍, ജോണ്‍ മേജര്‍ എന്നിവര്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, 1981-ല്‍ ഡയാനയെ വെയില്‍സ് രാജകുമാരന്‍ വിവാഹം ചെയ്തപ്പോള്‍ എല്ലാ മുന്‍ പ്രധാനമന്ത്രിമാരെയും ക്ഷണിച്ചിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി എംപിമാര്‍ ഓര്‍മ്മിക്കുന്നു.
ചരിത്ര പ്രസിദ്ധമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക് രാജ ഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്ന ചടങ്ങുകളോടെയും ആചാരങ്ങളോടെയുമാണ് രാജകീയ വിവാഹം അരങ്ങേറുക. അമ്പത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ 1,900 പേരാണ് അതിഥികളായി ഉണ്ടാവുക.