വികസനത്തിന് തടസം വി എസ്: പാര്‍ട്ടി കത്ത്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസനത്തിന് തടസമായി നില്‍ക്കുന്നത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണെന്ന് സി പി എം പാര്‍ട്ടി നേതൃത്വം. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് വിമര്‍ശനം. ഒരു സ്വകാര്യവാര്‍ത്താ ചാനലാണ് കത്തിന്‍റെ പൂര്‍ണരൂപം പുറത്തുവിട്ടത്.

വി എസിനെതിരായ അച്ചടക്ക നടപടി, ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം, കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം തുടങ്ങിയ കാര്യങ്ങളാണ്‌ കത്തിലെ ഉളളടക്കം. മുഖ്യമന്ത്രി എന്ന നിലയില്‍ വി എസ് പരാജയമാണെന്ന് കത്തില്‍ പറയുന്നു. വി എസിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരിന് പുതിയ വികസന പ്രവര്‍ത്തനങ്ങളൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല.

സംസ്ഥാനത്ത് പല വന്‍കിട പദ്ധതികളും മുടങ്ങി കിടക്കുകയാണ്. പല പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി തന്നെയാണ് തടസമായി നില്‍ക്കുന്നത്. ഇപ്പോള്‍ സ്‌മാര്‍ട് സിറ്റിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എറണാകുളത്തെ ശോഭ ഹൈടെക്‌ അടക്കമുളള പദ്ധതികള്‍ക്ക്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗീകാരം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത് വി എസിന്‍റെ വീഴ്ചയായി പാര്‍ട്ടിക്കത്തില്‍ പറയുന്നു.

എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍, ഏറ്റവും പ്രധാനമായ ഭരണനിര്‍വ്വഹണത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ഭരണ നിര്‍വഹണ രംഗത്ത്‌ മറ്റു മന്ത്രിമാര്‍ തിളങ്ങാത്തത്‌ വി എസിന്‍റെ കുഴപ്പം കൊണ്ടാണെന്നും കത്തില്‍ ആരോപിക്കുന്നു.

സംഘടനാപരമായി വി എസില്‍ നിന്നുണ്ടായ വീഴ്ചകളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രണ്ട്‌ പതിറ്റാണ്ട്‌ നീണ്ട വിഭാഗീയത, ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായതോടെ മൂര്‍ച്ഛിച്ചു. വിഭാഗീയത അവസാനിപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന്‌ പലതവണ ഇടപെടേണ്ടിവന്നു. ലാവ്‌ലിന്‍, പി ഡി പി, ജനതാദള്‍ എന്നീ വിഷയങ്ങളില്‍ വി എസ് സ്വീകരിച്ച നടപടികള്‍ അച്ചടക്ക ലംഘനമായിരുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ്‌ മന്ത്രിസഭയില്‍ ഐക്യമുണ്ടാക്കണമെന്നും, സംസ്ഥാന ഘടകത്തിന്‌ കീഴ്പ്പെട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക്‌ വി എസ്‌ വഴങ്ങണമെന്നും, പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ച്‌ വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പ്രസ്താവനങ്ങള്‍ നടത്തരുതെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :