തിരുവനന്തപുരം|
Last Modified ബുധന്‍, 23 ഡിസംബര്‍ 2015 (16:31 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് വീക്ഷണത്തില്‍ മുഖപ്രസംഗം വന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍. സമുദായ വര്‍ഗീയ ശക്തികളോട് നേതാക്കള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ തിരുത്താന്‍ രണ്ടാം നിര നേതാക്കളുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.
സമുദായശക്തികളെ നിലയ്ക്ക് നിര്‍ത്താന്‍ കെ കരുണാകരന് കഴിഞ്ഞിരുന്നതായി സതീശന്‍ ഓര്‍മ്മിപ്പിച്ചു. ഇത്തരം ശക്തികള്‍ പുരയ്ക്ക് മുകളില്‍ വളര്‍ന്നാല്‍ വെട്ടിവീഴ്ത്തിയിട്ടുണ്ട്. സമുദായ വര്‍ഗീയ ശക്തികളോട് നേതാക്കള്‍ വിട്ടുവീഴ്ച ചെയ്യരുത്. അങ്ങനെ ചെയ്താല്‍ തിരുത്താന്‍ രണ്ടാംനിര നേതാക്കളുണ്ടാകും - സതീശന്‍ ഓര്‍മ്മിപ്പിച്ചു.
കെ കരുണാകരന്‍ അനുസ്മരണത്തിന്‍റെ ഭാഷയാണെങ്കിലും ഇത് മുഖ്യമന്ത്രിക്കെതിരായ ഒളിയമ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചെറിയാന്‍ ഫിലിപ്പും കരുണാകരന്‍ അനുസ്മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുകള്‍ എയ്തിരുന്നു.
കരുണാകരനു വികസനം എന്നത് വെറുമൊരു പ്രചാരണ ആയുധമല്ലായിരുന്നു എന്ന് രമേശ്
ചെന്നിത്തല തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണെന്നും ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധമല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ് - ചെന്നിത്തല പറയുന്നു.