കേരള കോണ്‍ഗ്രസ് (ജോസഫ്) മാണി ഗ്രൂപ്പില്‍ ലയിക്കുന്നത് സംബന്ധിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഒരു ജനാധിപത്യ സംഘടനയാണ്. ആരെ ചേര്‍ക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യു ഡി എഫിനുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫിന്റെ കാര്യം യു ഡി എഫില്‍ ആരും ഉന്നയിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ ലയനനിലപാട് യു ഡി എഫിന്റെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. അതിനാല്‍ തന്നെ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ പരിഗണനയില്‍ ഇപ്പോള്‍ പുതിയ ഘടകകക്ഷികള്‍ ഇല്ല. എന്നാല്‍ ഐ എന്‍ എല്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ സമയമായെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.