Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (16:56 IST)
റാന്നിയില്‍ ഇത്തവണയും മാറ്റമില്ല. സി പി എം സ്ഥാനാര്‍ത്ഥി രാജു ഏബ്രഹാം തന്നെ. ഇത് അഞ്ചാം തവണയാണ് രാജു ഏബ്രഹാം റാന്നിയുടെ മണ്ണില്‍ മത്സരത്തിനിറങ്ങുന്നത്. ഒരുതവണ പോലും പരാജയം രുചിച്ചിട്ടില്ല. മൂന്നുതവണ മത്സരിച്ചവര്‍ക്ക് സീറ്റുകൊണ്ടുക്കേണ്ടതില്ല എന്ന പാര്‍ട്ടി തീരുമാനം പോലും രാജു ഏബ്രഹാമിന്റെ കാര്യത്തില്‍ ബാധകമല്ല. ഇത്തവണയും സ്ഥാനാര്‍ത്ഥി രാജു ഏബ്രഹാം തന്നെ.
എന്നാല്‍, തുടര്‍ച്ചയായി ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയും മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ സി പി എമ്മില്‍ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. റാന്നിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളായ റോഷന് റോയി മാത്യുവിന് സീറ്റുനല്‍കാത്തതിനെതിരെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. യുവനേതാവാണെന്നതും സമരപോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്നയാളെന്ന നിലയിലും റോഷന് ഇത്തവണ റാന്നിയില്‍ മത്സരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് അവര്‍ പറയുന്നു. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രസ്ഥാനങ്ങളിലൂടെ മുന്‍നിരയിലേക്ക് വന്ന റോഷന് പാര്‍ട്ടിയുടെ റാന്നി ഏരിയാ സെക്രട്ടറിയാണ് ഇപ്പോള്‍. എന്നാല്‍ സീറ്റ് രാജു ഏബ്രഹാമിനുതന്നെ എന്നത് ഉറപ്പായിക്കഴിഞ്ഞു.
ഇപ്പോള്‍ റോഷന് റോയി മാത്യു ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. രാജു ഏബ്രഹാമിന് സീറ്റ് നല്‍കുകയും തന്നെ ഇത്തവണയും തഴയുകയും ചെയ്തതില്‍ റോഷന് പ്രതിഷേധമുണ്ടോ എന്ന് ആര്‍ക്കും തോന്നിപ്പോകും വിധത്തിലുള്ള ഒരു കുറിപ്പാണത്.
റോഷന് റോയി മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാണ്.. കമ്മ്യൂണിസം അതെന്റെ രാഷ്ട്രീയം മാ(തമല്ല.... അതെന്റെ സ്വഭാവമാണ്....! അതെനിക്കൊരിക്കലും മാറ്റാനാവില്ല...!!!! ചിലപ്പോഴൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്... ചിലപ്പൊ എന്നെക്കണ്ടാല്‍ നിങ്ങള്‍ക്കും തോന്നാം.... നിനക്കൊന്നും വേറെ പണിയില്ലേടാ.. കൊടിയും പിടിച്ചു തല്ലും വെയിലും കൊണ്ട് നടക്കുന്ന്... പാര്‍ട്ടി നിനക്ക് ചോറു തരുവോ?? രാഷ്ട്രീയം പറഞ്ഞു നടക്കുന്നു..!! എന്നൊക്കെ... ഉത്തരം ലളിതം.. ശരിയാണ് എന്റെ പാര്‍ട്ടി എനിക്കു ചോറുതരില്ല... എന്റെ വീട്ടിലേക്ക് അരിവാങ്ങാനുമല്ല ഞാനീ കൊടിപിടിക്കുന്നെ ... ഒരു സ്ഥാനവും പ്രതീക്ഷിച്ചുമല്ല ഈ പ്രസ്ഥാനത്തിന്റെ ഭാഗമായത്... ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തോടുള്ള എന്റെ പ്രതിബദ്ധതയാണ്... ഉത്തരവാദിത്വബോധമാണ്...! പ്രതീക്ഷയാണ് എനിക്കെന്റെ പ്രസ്ഥാനം.. ഈ നാട്ടില്‍ ജീവിക്കുവാനെന്നപോലെ പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും എന്നെ പഠിപ്പിച്ചതും എന്റെ പ്രസ്ഥാനമാണ്... സമൂഹത്തിലെ അനീതിക്കും അതിക്രമത്തിനും അസംതുലിതാവസ്ഥയ്ക്കുമെതിരെ ശബ്ദിക്കാനെന്നെ പഠിപ്പിച്ചതെന്റെ പ്രസ്ഥാനമാണ്...! അവകാശങ്ങള്ക്കുമീതെയുള്ള കൈയ്യേറ്റത്തെ ചെറുത്തുതോല്‍പ്പിക്കുവാന്‍ ആശയവും ആദര്‍ശവും തന്നതെന്റെ പ്രസ്ഥാനമാണ്... ഒരു വൈദികന്റെ മകനായിട്ടുകൂടി മതങ്ങള്‍ കൊണ്ടു തീര്‍ത്ത മതിലുകള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായ് കാണാന്‍ പഠിപ്പിച്ചതെന്റെ പ്രസ്ഥാനമാണ്... രക്തബന്ധത്തിനപ്പുറം കര്‍മ്മബന്ധം കൊണ്ടെനിക്ക് ഒരുപാടു സഖാക്കളെ തന്നതെന്റെ പ്രസ്ഥാനമാണ്... അതിനെല്ലാമപ്പുറം ആവേശത്തോടെ ജീവിക്കാനെന്നെ പഠിപ്പിച്ചത് എന്റെ പ്രസ്ഥാനമാണ്..!! എന്റെ മുദ്രാവാക്യം സ്വന്തം കാര്യം സിന്ദാബാദ് എന്നല്ല... "ഇങ്ക്വിലാബ് സിന്ദാബാദ്" എന്നാണ്..!!
ലാല്‍സലാം..
റോഷന് റോയ് മാത്യു