aparna|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (07:44 IST)
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഹാദിയ കേസ് വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്റെ സംരക്ഷണയിലാണ് ഹാദിയ സ്വന്തം വീട്ടില്‍ കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലെന്നും ഹാദിയയെ സന്ദര്‍ശിക്കാന്‍ ആരും ശ്രമിക്കരുതെന്നുമുള്ള കോടതി ഉത്തരവിനെ മറികടന്ന് കഴിഞ്ഞ ദിവസം സംഘപരിവാര്‍ അനുകൂലിയായ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ എത്തിയിരുന്നു.
ഹാദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും. അവരുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഡിവൈഎസ്പിയുടെയും ഹാദിയയുടെ അച്ഛന് അശോകന്റേയും അനുവാദത്തോടെയാണ് താന്‍ ആ വീട്ടില്‍ എത്തിയതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാല്‍, ഈ വാദത്തെ പൂര്‍ണമായും എതിര്‍ത്ത് അശോകന് രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ അനുവാദമില്ലാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കാണിച്ച് ഹാദിയയുടെ പിതാവ് അശോകന് വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. തന്റെ അനുവാദമില്ലാതെയാണ് രാഹുല്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും അശോകന് പറയുന്നു.
ഹാദിയയുടെ മാതാവ് പൊന്നമ്മയുടെ വീഡിയോ ഒളിക്യാമറ ഉപയോഗിച്ചാണോ രാഹുല്‍ പകര്‍ത്തിയതെന്ന് നേരത്തേ പലരും സംശയം ഉന്നയിച്ചിരുന്നു. അശോകന്റെ പരാതി കൂടി വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. രാഹുല്‍ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തി
പ്രചരിപ്പിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.