aparna|
Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:43 IST)
പൊലീസിന്റെ പക്ഷത്ത് നിന്നും ഉണ്ടായ മാനസിക പീഡനത്തെ തുടർന്ന് തന്റെ ഗർഭം അലസിയതായി യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ ഉയർന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ നിയമസഭാ സമിതി നിർദേശിച്ചു.
ബന്ധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് തന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെന്നും രാവിലെ മുതൽ വൈകിട്ടുവരെ പൊലീസ് സ്റ്റേഷനിൽ നിർത്തിയതിനെ തുടർന്ന് ഗർഭം അലസിയെന്നുമാണ് വൈക്കം സ്വദേശിനിയുടെ പരാതിയിൽ പറയുന്നത്.
വൈക്കം സ്വദേശിനി മുഹ്സിനയാണ് വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഓഫിസിൽനിന്നുണ്ടായ സംഭവം വെളിപ്പെടുത്തി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
പൊലീസ് ആവശ്യപ്പെടാതെ തന്നെയാണ് മുഹ്സിന സ്റ്റേഷനിൽ എത്തിയതെന്നായിരുന്നു വിശദീകരണം. സ്റ്റേഷനു മുന്നിൽ ഇത്രയും സമയം അവശയാകുന്ന വിധം നിന്നിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എന്നാൽ, പരാതി നൽകിയതിന്റെ പേരിൽ സിഐ തനിക്കും തന്റെ കുടുംബത്തിനുമെതിരെ കേസ് നൽകിയെന്ന് മുഹ്സിന ആരോപിച്ചു. ഇതോടെയാണ് വിശദമായ മറ്റൊരു അന്വേഷണം നടത്താൻ സമിതി നിർദേശിച്ചത്.