രമേശ് ചെന്നിത്തല മന്ത്രിയാകും

കൊല്ലം . | WEBDUNIA|
PRO
PRO
രമേശ്‌ ചെന്നിത്തല മന്ത്രിയാകും‌. ഇതിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ്‌ സ്ഥാനമൊഴിയും. കേരളയാത്രയുടെ സമാപനത്തിനെത്തുന്ന കേന്ദ്രപ്രതിരോധമന്ത്രി എകെ ആന്റണി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുമായി ഇതുസംബന്ധിച്ച്‌ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും.

ഉപമുഖ്യമന്ത്രി പദവിയോടെയാകും രമേശ്‌ മന്ത്രിസഭയിലെത്തുകയെന്നാണ്‌ സൂചന. ആഭ്യന്തര വകുപ്പ്‌ നല്‍കേണ്ടിവരുമെന്നു ശ്രുതിയുണ്ടെങ്കിലും കേരളയാത്രയിലുടനീളം സംസ്ഥാനത്തു പിടിമുറുക്കിയ ഭൂമാഫിയയെക്കുറിച്ചു രമേശ്‌ വാചാലനായതു റവന്യു വകുപ്പിനോടും താല്‍പ്പര്യക്കുറവില്ല എന്നതിന്റെ സൂചനയാണ്‌. കൂടാതെ ഗണേഷ് കുമാറിന്റെ വകുപ്പായ വനംവകുപ്പ് ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കേരളത്തിലെത്തുന്ന ആന്റണി, രമേശിനു പകരക്കാരനായ കെപിസിസി പ്രസിഡന്റ്‌, മന്ത്രിസഭാ പുനഃസംഘടന തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ഇവിടത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വിവരങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. 18ന്‌ ഉച്ചയ്ക്കു തിരുവനന്തപുരത്തെത്തുന്ന ആന്റണി അന്നു രാത്രിയും പിറ്റേന്നു രാവിലെയും സംസ്ഥാനത്തെ നേതാക്കളെ കാണും. മന്ത്രിസഭാ പുനഃസംഘടന, പുതിയ കെപിസിസി അധ്യക്ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ കേരളയാത്രയ്ക്കു ശേഷം ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചര്‍ച്ച നടത്തും.

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും രമേശിന്‌ എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയിലേക്കു വരാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കിയത് ഇതിനു മുന്നോടിയായാണ്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഉമ്മന്‍‌ചാണ്ടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. രമേശ്‌ ചെന്നിത്തല പ്രസിഡന്റായ എട്ടു വര്‍ഷം കെപിസിസി നടത്തിയ പരിപാടികളുടെ സമഗ്ര റിപ്പോര്‍ട്ട്‌ കേരളയാത്രയുടെ സമാപന ചടങ്ങില്‍ സമര്‍പ്പിക്കും. ഇതോടെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നു രമേശ്‌ അനൗദ്യോഗികമായി വിടപറയും.

അടുത്ത മാസം നടത്താനിരുന്ന കണ്ണൂര്‍ ഡിസിസി ഓഫിസിന്റെ ശിലാസ്ഥാപനം ഈ മാസം 21നു നടത്താന്‍ രമേശ്‌ സമയം നല്‍കിയതും സ്ഥാനമാറ്റം ഉടന്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്‌. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്തുന്നതാകും പാര്‍ട്ടിക്കു മുന്നിലെ കീറാമുട്ടി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ പേര്‌ കേള്‍ക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്‌. കഴിഞ്ഞ ദിവസം കൊല്ലത്ത്‌ ശാസ്‌താംകോട്ടയിലെത്തിയപ്പോള്‍ കാര്‍ത്തികേയന്‍ രഹസ്യമായി രമേശ്‌ ചെന്നിത്തലയെ സന്ദര്‍ശിച്ചതും ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :