രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും, ജനുവരി 1ന് സത്യപ്രതിജ്ഞ

തിരുവനന്തപുരം| WEBDUNIA|
PRO
കെ പി സി സി അധ്യക്ഷന്‍ ഒടുവില്‍ യു ഡി എഫ് മന്ത്രിസഭയിലേക്ക്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി ഒന്നിന് രാവിലെ തന്നെ രമേശിന്‍റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം.

നിലവില്‍ സ്പീക്കറായ ജി കാര്‍ത്തികേയന്‍ കെ പി സി സിയുടെ പുതിയ പ്രസിഡന്‍റാകും. എന്നാല്‍ കെ പി സി സി അധ്യക്ഷസ്ഥാനം ഐ ഗ്രൂപ്പിന് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കുമെന്നാണ് അറിയുന്നത്. നേരത്തേ, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന തിരുവഞ്ചൂര്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാട് മയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കമാന്‍‌ഡിന്‍റെ കര്‍ശന നിര്‍ദ്ദേശമുണ്ടായതോടെയാണ് പുതിയ പരിഹാരശ്രമങ്ങള്‍ ആരംഭിച്ചത്. പുതുവര്‍ഷത്തില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നത് എന്നതാണ് പ്രത്യേകത.

രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ കൂടിക്കാഴ്ചകള്‍ നിര്‍ണായകമായി എന്നാണ് വിവരം. താന്‍ യു ഡി എഫ് മന്ത്രിസഭയിലേക്കില്ല എന്ന നിലപാടില്‍ നിന്ന് ‘മാന്യമായ പദവി ലഭിച്ചാല്‍ മന്ത്രിസഭയുടെ ഭാഗമാകാം’ എന്ന രീതിയിലേക്ക് രമേശ് വ്യതിചലിച്ചത് ഈ കൂടിക്കാഴ്ചകളിലാണ്. രമേശിന്‍റെ മന്ത്രിസ്ഥാനത്തിനായി ഘടകകക്ഷികളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സുഗമമായത്. തിരുവഞ്ചൂരിനെ സ്പീക്കറാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് എന്‍ ശക്തനെയും പരിഗണിക്കുന്നുണ്ട് എന്നാണ് മറ്റൊരു വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :