പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുണ്ടായതെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. എന്നാല്‍ യു ഡി എഫിലെ അഭിപ്രായഭിന്നത വച്ച് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യുവജനയാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.
മുസ്ലിം ലീഗിന്‍റെ അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് ആര്‍ക്കും ഗുണമുണ്ടായിട്ടില്ലെന്ന് വിഷ്ണുനാഥ് വ്യക്തമാക്കി. ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, ദോഷമുണ്ടാകുകയും ചെയ്തു. അഞ്ചാം മന്ത്രിസ്ഥാനം ലീഗ് നേടിയെടുത്ത രീതിയോട് കടുത്ത വിയോജിപ്പുണ്ട്. ജനങ്ങള്‍ക്ക് നന്‍മ ചെയ്യാനാണ് പുതിയ സ്ഥാനങ്ങള്‍ ഉണ്ടാകേണ്ടതെന്നും വിഷ്ണുനാഥ് ഓര്‍മ്മിപ്പിച്ചു.
തെരഞ്ഞെടുപ്പു കാലത്ത് സഹായം അഭ്യര്‍ത്ഥിക്കുന്നതിന്‍റെ പേരില്‍ ജാതിമത ശക്തികള്‍ നിയന്ത്രിക്കാന്‍ വരുന്നത് ശരിയല്ല. രാഷ്ട്രീയത്തെയും പാര്‍ട്ടികളെയും ജാതിമത ശക്‌തികള്‍ ഭീകരമായ രൂപത്തിലാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. പാര്‍ട്ടിയുടെ കാര്യങ്ങളില്‍ സമുദായ സംഘടനകള്‍ ഇടപെടരുത് - വിഷ്ണുനാഥ് നിര്‍ദ്ദേശിച്ചു.