റാഗിംഗിനിടെ പൊള്ളലേറ്റുമരിച്ച സംഭവത്തിനുപിന്നില്‍ സീനിയേഴ്‌സാണെന്ന് അജ്‌മലിന്റെ മരണമൊഴി. കുളിമുറിയില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ് മരണാസന്നനായി ആശുപത്രിയില്‍ കിടക്കവെയാണ് സുഹൃത്തുക്കളോടും ബന്ധുക്കളോടും അജ്‌മല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിക്‌ബല്ലാപൂര്‍ ശാഷിബ് കൊളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ സൈമണ്‍, സച്ചിന്‍, അരുണ്‍രാജ് എന്നിവരുടെ പേരുകളാണ് അജ്‌മലിന്റെ മൊഴിയിലുള്ളത്.
സംഭവദിവസം ഇതിലൊരാള്‍ നാട്ടിലായിരുന്നുവെങ്കിലും അയാളുടെ അറിവുകൂടാതെ കൃത്യം നടക്കില്ലെന്നും അജ്‌മല്‍ പറഞ്ഞു. ബാത്ത്‌റൂമില്‍ തിന്നര്‍ ഒഴിച്ചാണ് തന്നെ അപകടപ്പെടുത്തിയത്. കൊളേജ് ഹോസ്റ്റലിലെ മൂന്നു ബാത്ത്‌റൂമുകളില്‍ തിന്നര്‍ ഒഴിച്ചിരുന്നു. മുഖവും കൈയും കഴുകാന്‍ കയറിയതായിരുന്നു താനെന്നും അജ്‌മല്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹോസ്റ്റലിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറുന്നതിനിടെയായിരുന്നു സംഭവം. രണ്ട് കുളിമുറിയില്‍ കയറിയെങ്കിലും തിന്നറിന്റെ മണമുള്ളതിനാല്‍ മൂന്നാമത്തെ കുളിമുറിയില്‍ കയറി. മൂന്നാമത്തെ മുറിയിലും തിന്നര്‍ ഒഴിച്ചുവച്ചിരിക്കുകയായിരുന്നു. കുളിമുറിക്കകത്ത് തീ പടരുന്നത് കണ്ട അജ്‌മല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ് ദേഹമാസകലം പൊള്ളലേല്‍ക്കുകയായിരുന്നു.
ആരാണ് ഹോസ്റ്റലുകളിലെ മൂന്ന് കുളിമുറികളിലും തിന്നര്‍ ഒഴിച്ചത്, ആരാണ് അജ്മല്‍ കയറിയ കുളിമുറിയില്‍ തീകൊളുത്തിയത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പൊലീസിന് വേണ്ടത്.