മുല്ലപ്പെരിയാര്‍: ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 20 ജനുവരി 2010 (11:15 IST)
PRO
PRO
മുല്ലപ്പെരിയാര്‍ സംഭവവുമായി ബന്ധപ്പെട്ട് കേരളം പാസാക്കിയ ഡാം സുരക്ഷ നിയമത്തെ ചോദ്യം ചെയ്തു കൊണ്ട് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നു പരിഗണിക്കും. ഭരണഘടനാ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന സുപ്രീംകോടതി ഉത്തരവ്‌ മറികടക്കാനാണ്‌ കേരളം ഡാം സുരക്ഷാ നിയമം പാസാക്കിയതെന്നാണ്‌ തമിഴ്‌നാടിന്‍റെ ആരോപണം. ജസ്റ്റിസുമാരായ ഡി കെ ജയിന്‍, ബി സുദര്‍ശന്‍ റെഡ്ഡി, മുകുന്ദകം ശര്‍മ, ആര്‍ എം ലോധ, ദീപക്‌ വര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ്‌ ഇന്ന് പരിഗണിക്കുന്നത്‌.

ഒരിക്കല്‍ തീര്‍പ്പാക്കിയ കേസ്‌ വീണ്ടും പരിഗണിക്കുന്നതിലെ നിയമപ്രശ്നങ്ങളും നിയമസഭ പാസാക്കിയ നിയമത്തിന്‍റെ ഭരണഘടനാ സാധുതയുമാണ്‌ ഭരണഘടനാ ബഞ്ച്‌ പരിശോധിക്കുന്നത്‌.

പ്രാരംഭവാദ വേളയില്‍ ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളും അഭിപ്രായ ഐക്യത്തിലെത്താത്തതിനെ തുടര്‍ന്ന് ഇക്കാര്യം കോടതി മാറ്റിവെക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ 2006 ഫെബ്രുവരിയില്‍ ഭരണഘടനയുടെ മൂന്നംഗ ബെഞ്ച് അനുമതി നല്കിയിരുന്നു. എന്നാല്‍, ഈ വിധിക്ക്‌ തൊട്ടുപിന്നാലെ നിയമഭേദഗതിയിലൂടെ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച കേരളത്തിന്‍റെ നടപടിയെ ചോദ്യം ചെയ്‌ത് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :