മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ കക്ഷികള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. എംഡിഎംകെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കമ്പത്തു പ്രകടനവും പൊതുസമ്മേളനവും നടക്കും. അണക്കെട്ടിലെ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമ്മേളനം.
ശനിയാഴ്ച രാവിലെ 10നു കമ്പം ടൗണില്‍ ആണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്നു 11നു ഗാന്ധിപ്രതിമയ്ക്കു സമീപമുള്ള ടാക്സി സ്റ്റാന്‍ഡില്‍ സമ്മേളനം. സുരക്ഷാപ്രശ്നം പരിഗണിച്ചു റാലിക്ക് തമിഴ്‌നാടു പൊലീസ് വെള്ളിയാഴ്ച രാത്രിവരെ അനുവാദം നല്‍കിയിട്ടില്ല. ഇതേ ആവശ്യം ഉന്നയിച്ചു തമിഴ്‌നാട്ടിലെ ചില തീവ്രവാദി ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തില്‍നിന്നും കുമളി വഴി തമിഴ്‌നാട്ടിലേക്കു പോകുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. കേരള റജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ പ്രകടനം നടക്കുന്ന വഴിയിലൂടെയുള്ള യാത്ര ഒഴിവാക്കി സഹകരിക്കണമെന്ന് തമിഴ്‌നാട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.