മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ സെക്യൂരിറ്റി പ്രശ്നവും

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ പൊലീസിനെ ആകെ അമ്പരപ്പിച്ചുകൊണ്ട് 'സെക്യൂരിറ്റി ലാപ്സ്' ആയോ എന്ന് സംശയിച്ച് അജ്ഞാതന്‍ മുഖ്യമന്ത്രിക്കരികിലെത്തി സംസാരിക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ഓണം-റംസാന്‍ വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന സമയത്താണിതു സംഭവിച്ചത്.

ഉദ്ഘാടന ചടങ്ങു നടക്കുന്ന സമയത്ത് പെട്ടന്ന് മുഖ്യമന്ത്രിയുടെ മൊബൈല്‍ ഫോണില്‍ വന്ന കോള്‍ അറ്റന്‍ഡ് ചെയ്യേണ്ടിവന്നു. ഫോണ്‍ കോളിന്‍റെ ഗൌരവം കൈവിടാതെ മുഖ്യമന്ത്രി വേദി വിട്ട് എല്‍.എം.എസ് കോമ്പൌണ്ടിലെ ഒരു ഭാഗത്തേക്ക് ഫോണില്‍ സംസാരിച്ചുകൊണ്ട് നീങ്ങി. ഇതിനിടെ വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ച ഒരു യുവാവ് മുഖ്യമന്ത്രിക്കരികിലെത്തി സംസാരിക്കാന്‍ ശ്രമിച്ചു.

മുഖ്യമന്ത്രിയുടെ കാവലിനായി രണ്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരും ദ്രുതകര്‍മ്മ സേനാംഗങ്ങളും സഫാരി സ്യൂട്ടിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ഉള്‍പ്പെടെയുള്ള പൊലീസ് സംഘം നോക്കിനില്‍ക്കേയാണ്‌ ഇത് സംഭവിച്ചത്. എന്നാല്‍ ഗൌരവമായ സംസാരമദ്ധ്യേ അപരിചിതന്‍ തന്‍റെ അടുത്തെത്തിയത് മുഖ്യമന്ത്രി അത്ര ശ്രദ്ധിച്ചതുമില്ല. സംഗതി അത്ര പന്തിയല്ലെന്നു കണ്ട സേനാംഗങ്ങള്‍ ആകെ വിഷമിച്ചു. എങ്കിലും സംസാരം പെട്ടെന്ന് തീര്‍ന്നതോടെ മുഖ്യമന്ത്രി വേദിയിലേക്ക് പോയി.

ഉടന്‍ തന്നെ പൊലീസ് സേന അപരിചിതനെ ചോദ്യം ചെയ്യാനായി അടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തനിക്ക് മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും കൌണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മൈനോറിറ്റീസ് ഹ്യൂമന്‍ റൈറ്റ്‍സ് എന്ന സംഘടനയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാജീവ് ജോണ്‍ ആണെന്നും അപരിചിതന്‍ പൊലീസിനോട് അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നടത്തുകയുണ്ടായി.

മുഖ്യമന്ത്രിയെ കാണാനായി രാജീവ് ജോണ്‍ എന്നയാള്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അതിനുള്ള അനുമതി നല്‍കിയതായും അറിയാന്‍ കഴിഞ്ഞതോടെ പൊലീസിനും ഒപ്പം രാജീവ് ജോണിനും ആശ്വാസമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :