മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തികള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജനാധിപത്യത്തില്‍ തിരുത്തല്‍ ശക്തിയാണ് മാധ്യമങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. 2012ലെ സംസ്ഥാന മാധ്യമ പുരസ്‌കാരവിതരണ പരിപാടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം വരുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള വഴി മാധ്യമങ്ങള്‍ മാത്രമായിരുന്നു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ആദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ആധാരമാക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്‌കാരിക-ഗ്രാമവികസന- പബ്ലിക് റിലേഷന്‍സ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.

അച്ചടി മാധ്യമങ്ങള്‍ വാര്‍ത്തകളെ കാര്യക്ഷമമായി സമീപിക്കുന്നു. എന്നാല്‍ വേഗത്തില്‍ വാര്‍ത്തകള്‍ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ പലപ്പോഴും നിജസ്ഥിതി ഉറപ്പുവരുത്താന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. നല്‍കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദൃശ്യമാധ്യമങ്ങള്‍ സ്വയം നിയന്ത്രണരേഖ വരയ്‌ക്കേണ്ടത് ആവശ്യമാണ്. യാഥാര്‍ഥ്യത്തിന്റെ അംശമെങ്കിലുമുള്ള വാര്‍ത്തകള്‍ കൊണ്ടുവരാനായില്ലെങ്കില്‍ അവ മാധ്യമത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരകാലം മുതല്‍ ഇന്നുവരെ നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആരോഗ്യ-ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ 'ശ്രീ വിവേകാനന്ദം' വീഡിയോ-ഓഡിയോ സീഡികള്‍ മുഖ്യമന്ത്രി കെജി പരമേശ്വരന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :