കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു പോക്ക് താന്‍ ആഗ്രഹിക്കുന്നു വെന്ന് കെ മുരളീധരന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുരളിയുടെ പിതാവുമായ കെ കരുണാകരന് ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.
പ്രധാനമന്ത്രി മന്മോഹന് സിംഗുമായും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുമാണ് കരുണാകരന് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മുരളിയെ തിരിച്ചെടുക്കണമെന്ന് ഇരു നേതാക്കളോടും കരുണാകരന് ആവശ്യപ്പെട്ടതായാണ് സൂചന.
പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയാണ് കരുണാകരന് സോണിയയുമായി നടത്തിയത്. ഇതിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായി കേരള ഹൌസില്‍വച്ച് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസിലേക്ക് മുരളി തിരികെയെത്തുന്നതിന് വ്യക്തിപരമായി തനിക്ക് എതിര്‍പ്പില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നതിന് മുന്നോടിയായിട്ടെന്ന വണ്ണം എന്‍ സി പി സംസ്ഥാന അധ്യക്ഷസ്ഥാനം തനിക്ക് വേണ്ടെന്ന് മുരളീധരന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇടതുമുന്നണിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് എന്‍ സി പി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണിയില്‍ നിന്ന് അത്തരത്തിലൊരു നീക്കം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് എന്‍ സി പിക്ക് പറ്റിയ ഇടം യു ഡി എഫ് ആണെന്ന് പ്രഖ്യാപിച്ച് മുരളി രംഗത്തെത്തിയത്.
എന്നാല്‍, എന്‍ സി പിയുടെ യു ഡി എഫ് പ്രവേശനത്തിന് യു ഡി എഫ് നേതാക്കളോ, കോണ്‍ഗ്രസ് നേതാക്കളോ പച്ചക്കൊടി കാണിച്ചില്ല. അതേസമയം, വ്യക്തികളോട് വിരോധമില്ലെന്ന് യു ഡി എഫ് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന് എന്‍ സി പിയുടെ അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചിരിക്കുന്നത്.
മുരളി എന്‍ സി പിയുടെ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചതിനെ വിമര്‍ശനാത്മകമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് മുരളി ഇപ്പോള്‍ നടത്തുന്നതെന്ന കെ പി സി സി വക്താവ് എം എം ഹസ്സന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. മുരളിയെ കോണ്‍ഗ്രസിലെടുക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ഹസ്സന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കരുണാകരന് ഡല്‍ഹിക്ക് പോയിരിക്കുന്നത്. ഹൈക്കമാന്‍ഡിനെ കണ്ട് മുരളിക്ക് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചു വരവ് സുഗമമാക്കുകയാണ് ലീഡറുടെ ഡല്‍ഹി യാത്രയുടെ ലക്ഷ്യം. അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുരളിക്ക് സസ്പെന്ഷന് കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അതിനു മുമ്പ് തന്നെ മുരളിക്ക് കോണ്‍ഗ്രസില്‍ വ്യക്തമായ ഒരിടം തരപ്പെടുത്തുകയാണ് കരുണാകരന് ലക്ഷ്യമിടുന്നതെന്നറിയുന്നു.