ഭര്‍ത്താവിന്‍റെ ക്രൂരത, സ്ത്രീ ആറുവര്‍ഷമായി ഇരുട്ടറയില്‍

കോട്ടയം| WEBDUNIA|
PRO
ഇരുപത്തൊന്നാം നൂറ്റാണ്ട്. സമൂഹത്തിന്‍റെ സര്‍വ മേഖലകളിലും സ്ത്രീകള്‍ക്ക് ഇന്ന് പ്രാതിനിധ്യവും നേതൃപദവികളുമുണ്ട്. അടുക്കളയില്‍ ഒതുങ്ങേണ്ടവരോ സെക്സിനുവേണ്ടി മാത്രമുള്ളവരോ അല്ല സ്ത്രീകളെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന കാലം. എന്നാല്‍ കോട്ടയം ആര്‍പ്പൂക്കര പഞ്ചയത്തില്‍ നാലാം വാര്‍ഡിലെ ഒരു വീട്ടില്‍ ഒരു പാവം സ്ത്രീ അസ്വാതന്ത്ര്യത്തിന്‍റെ പീഡനം അനുഭവിക്കുന്നു.

കോതേരിച്ചിറ ശശിയുടെ ഭാര്യ ജെസി(36)യാണ്‌ കഴിഞ്ഞ ആറു വര്‍ഷമായി തടവറയില്‍ കഴിയുന്നത്. ഭര്‍ത്താവ് ഇവരെ ഒരു ഇരുട്ടുമുറിയില്‍ അടച്ചിട്ടിരിക്കുകയാണ്. ജെസിയുടെ മേലുള്ള സംശയമാണ് അടച്ചിടാന്‍ കാരണം. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൌകര്യമില്ലാത്ത ഒരു മുറിയിലാണ് ജെസിയെ പൂട്ടിയിട്ടിരിക്കുന്നത്.

ശശി കൂലിപ്പണിക്കാരനാണ്. ജെസിയെ മുറിയിലാക്കി പൂട്ടിയതിന് ശേഷം ശശി ജോലിക്കു പോകുന്നു. ഈ മുറിയിലേക്ക് വെളിച്ചം കടക്കാറില്ല. ശശി തിരികെയെത്തുന്നതു വരെ വെള്ളം പോലും ലഭിക്കാറില്ല. 12 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ആറുവയസായ ഒരു മകളുണ്ട്. ആറു വര്‍ഷം മുമ്പാണ് ശശിക്ക് സംശയരോഗം കലശലാകുന്നത്. അതോടെ ജെസിയുടെ ജീവിതം ഇരുട്ടുമുറിക്കുള്ളിലായി.

കഴിഞ്ഞദിവസം സെന്‍സസ്‌ കണക്കെടുപ്പിനെത്തിയ എന്യുമറേറ്റര്‍മാരാണ് ജെസിയെ ഇരുട്ടുമുറിക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതായി കണ്ടെത്തിയത്. കമ്പിവലയിട്ട ഒരു ജനാലയില്‍ കൂടി അരിച്ചെത്തുന്ന വെളിച്ചം മാത്രമാണ് മുറിക്കുള്ളിലുള്ളത്. തന്‍റെ ബന്ധുക്കളെയൊന്നും കാണാന്‍ ഭര്‍ത്താവ് അനുവദിക്കില്ലെന്ന് ജെസി പറഞ്ഞു. ശശിക്ക് സംശയം തോന്നും എന്നതിനാല്‍ അയല്‍ക്കാരും ഈ സ്ത്രീയുടെ കഷ്ടതയെ അവഗണിക്കും.

ആറു വയസുകാരിയായ മകള്‍ക്കു പോലും ജെസിയെ തുറന്നുവിടാന്‍ അനുവാദമില്ല. ശശി വൈകുന്നേരം വന്നതിന് ശേഷമാണ് ജെസിയെ മുറിക്ക് പുറത്തിറക്കുന്നത്. അതിനു ശേഷവും വീടിന് പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ല. അടുക്കളയിലേക്കും ബാത്ത്‌ റൂമിലേക്കും മാത്രമാണ് ജെസിക്കു പോകാന്‍ അനുവാദം. പകല്‍ സമയങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ പോലും കഴിയാറില്ല. മൂത്രമൊഴിക്കാനുള്ള ഒരു പാത്രം മുറിക്കുള്ളില്‍ വച്ചിട്ടാണത്രെ ശശി പോകുന്നത്. എപ്പോഴും തന്നെ ശശി മര്‍ദ്ദിക്കാറുണ്ടെനും ജെസി പറയുന്നു.

ജെസിക്ക് ഭ്രാന്താണെന്നും അതിനാലാണ് പൂട്ടിയിട്ടിരിക്കുന്നതെന്നുമാണ് ശശി മറ്റുള്ളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തനിക്കു യാതൊരു രോഗവുമില്ലെന്നും സംശയത്തിന്‍റെ പേരില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ജെസി പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരോ പൊലീസോ തന്നെ മോചിപ്പിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ജെസി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :